തിരുവനന്തപുരം: സിനിമാ മേഖലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഒന്നിനോടും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്. വിഷയത്തില് പ്രതികരിക്കേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. താന് ഗതാഗത വകുപ്പ് മന്ത്രിയാണ്. കഴിഞ്ഞ 23 വര്ഷക്കാലമായി മാധ്യമങ്ങള് തന്നെ വേട്ടയാടുകയാണെന്നും കെ ബി ഗണേഷ് കുമാര് പറഞ്ഞു.
'എന്നെ വിട്ടേക്കൂ. എന്നില് ഔഷധമൂല്യങ്ങളില്ല. ഞാന് ഇതില് നല്ലതോ ചീത്തയോ ആയ അഭിപ്രായം പറയില്ല. ഉപദ്രവിക്കുന്നതിന് പരിധിയുണ്ട്. ചോദ്യങ്ങള് വേണ്ട. 23 വര്ഷം എന്നെ ഉപദ്രവിച്ചു. ഞാന് ഒരു കാര്യത്തിനും വരുന്നില്ലല്ലോ. ഞാന് ജനങ്ങള്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള് പോകും. ആരെയും സഹായിക്കാന് സര്ക്കാര് മുന്നോട്ടുവരില്ല. ഇതില് തന്നോട് അഭിപ്രായം ചോദിക്കരുത്', എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
എംഎല്എ മുകേഷിനെതിരായ മി ടൂ ആരോപണത്തിലും ചലച്ചിത്ര അക്കാദമി ചെയർമാന് സ്ഥാനത്ത് നിന്നുള്ള സംവിധായകന് രഞ്ജിത്തിന്റെയും എഎംഎംഎ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടന് സിദ്ദിഖിന്റെയും രാജിയില് അടക്കം പ്രതികരണം തേടിയപ്പോഴായിരുന്നു ഗണേഷ് കുമാർ മറുപടി പറയാതെ ഒഴിഞ്ഞുമാറിയത്.
അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വിഷയത്തില് മന്ത്രി പ്രതികരിച്ചത്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാർ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാർ നമ്മുടെ കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂവെന്നും പറഞ്ഞിരുന്നു.