കൊച്ചി: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ സിദ്ദിഖിനെതിരെ പൊലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി സിറ്റി കമ്മീഷണർക്ക് പരാതി നൽകിയത്. പോക്സോ ചുമത്തി കേസ് എടുക്കണം എന്നാവശ്യം. നടിയെ ആരോപണ വിധേയനായ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചത് പ്രായപൂർത്തിയാവുന്നതിന് മുമ്പായിരുന്നു എന്ന് ചൂണ്ടി കാട്ടിയാണ് ഈ ആവശ്യം.
ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് നേരത്തെ അറിയിച്ചിരുന്നു. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമർശം.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
'സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാൻ പോകുന്നതേയുള്ളു' ; നിയമപരമായി മുന്നോട്ടെന്ന് ജോഷി ജോസഫ്