കൊച്ചി: സിനിമയില് മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകള്ക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും നടക്കുന്നുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനാല് സിനിമയിലെ സംഭവങ്ങള് മാധ്യമശ്രദ്ധയിലേക്ക് വരുന്നതാണ്. യാഥാര്ത്ഥ്യമെന്താണെന്നും ആരോപണ സ്വഭാവം മാത്രമുളളത് എന്താണെന്നും ഇനിയുള്ള ദിവസങ്ങളില് തിരിച്ചറിയുമെന്നും രഞ്ജി പണിക്കര് പറഞ്ഞു.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് എന്ത് നിയമപരമായ നടപടികള്ക്കാണ് സാധ്യതയെന്ന് പരിശോധിക്കേണ്ടത് സര്ക്കാരാണ്. അത് അതിന്റെ നിലയ്ക്ക് മുന്നോട്ട് പോകും. സമ്മര്ദ്ദത്തിന്റെ പുറത്താണ് രഞ്ജിത്തിന്റെ രാജിയെന്ന് കരുതുന്നില്ല. സ്വന്തം തീരുമാനത്തില് ആയിരിക്കണം. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് തുടര്നടപടികള് ഉണ്ടാകണം. കുറ്റക്കാരെ സിനിമയില് നിന്നും മാറ്റി നിര്ത്തുന്നത് മര്യാദയല്ലെന്നും രഞ്ജി പണിക്കര് പറഞ്ഞു.
നിലവില് രഞ്ജിത്തും സിദ്ദിഖും കുറ്റാരോപിതരാണ്. അവര് കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അതിനാല് അവരുടെ സര്ഗാത്മകതയെ തടയാന് സാധിക്കില്ല. അവരെ സിനിമയില് നിന്നും മാറ്റി നിര്ത്താന് സാധിക്കില്ല. അത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമല്ലെന്നായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം. അവര്ക്ക് ശിക്ഷയാണ് നല്കേണ്ടത്. ആരോപണ വിധേയര് രാജ്യം വിടണോ? ആരോപണത്തില് സത്യാവസ്ഥയുണ്ടെങ്കില് പരിശോധിക്കുകയാണ് വേണ്ടതെന്ന് രഞ്ജി പണിക്കര് കൂട്ടിച്ചേർത്തു.