തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നിൽ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞതിനാണ് തന്നെ എഎംഎംഎയിൽ നിന്ന് പുറത്താക്കിയതെന്ന് ഷമ്മി തിലകൻ. 'എനിക്കെതിരെ ചിലരുടെ മൊഴികൾ രേഖപ്പെടുത്തി മുമ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. അതിൽ മറുപടി നൽകിയെങ്കിലും നേരിട്ട് കാരണം ബോധിപ്പിക്കണമെന്നായിരുന്നു പ്രതികരണം. അന്ന് മി ടൂ ആരോപണം നേരിട്ടിരുന്ന സിദ്ദീഖിന് മുന്നിൽ അച്ചടക്ക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് വ്യക്തിപരമായി ബുദ്ധിമിട്ടുണ്ടായിരുന്നു. അത് പറഞ്ഞതിനാണ് സംഘടനയിൽ നിന്നും പുറത്താക്കിയത്,' എന്നായിരുന്നു ഷമ്മി തിലകന് റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്.
ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിലകനെ മാറ്റിനിർത്താൻ മുൻകയ്യെടുത്തവരിൽ ഒരാളാണ് സിദ്ദിഖ്. തിലകൻ്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷനിൽ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലർ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോഗിച്ചുവെന്നും ഷമ്മി തിലകന് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ഇന്ന് എഎംഎംഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമർശം.
ഇതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സർക്കാർ രാജിയാവശ്യപ്പെടാനാണ് സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും യുവനടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
നടിയുടെ വെളിപ്പെടുത്തല് മനോവിഷമമുണ്ടാക്കി, അങ്ങനൊരാള് സ്ഥാനത്ത് തുടരരുത്: അനൂപ് ചന്ദ്രന്