ലൈംഗികാരോപണം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു

dot image

തിരുവനന്തപുരം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇന്ന് എഎംഎംഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹന്ലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമർശം.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

'പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററിൽ 'സുഖമായിരിക്കട്ടെ'യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്കറ്റ് ഹോട്ടലിൽ വെച്ച് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാൻ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാൽ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനിൽക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,' രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സിനിമയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേർ രംഗത്തെത്തി. വിഷയത്തിൽ നീതി പൂർവം അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ഉർവശി പ്രതികരിച്ചു. നടിയുടെ ആരോപണം സാക്ഷികളില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും അവർ പറഞ്ഞു.

മലയാള സിനിമയിൽ വനിത പ്രവർത്തകർക്കതിരെ നടക്കുന്ന ലൈംഗിതാക്രമങ്ങൾ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്.

dot image
To advertise here,contact us
dot image