'രഞ്ജിത്തിന്റെ രാജി തെറ്റ് സമ്മതിക്കുന്നതിന് തുല്യം, സന്തോഷമോ ദു:ഖമോ ഇല്ല '; ശ്രീലേഖ മിത്ര

ഇന്ന് രാവിലെയാണ് സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്

dot image

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്, രഞ്ജിത്തിന്റെ രാജിയില് സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന് കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.

'അയാൾ നല്ല ചലച്ചിത്രകാരനായിരിക്കാം. എന്നാൽ സ്വഭാവം തിരുത്തണം. മറ്റുള്ളവർക്ക് ഇതൊരു പാഠമാകണം. അയാൾക്ക് കുറച്ച് സമയം നൽകണം, സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം . അവരുടെ ജോലിയിൽ അവർ മിടുക്കരായിരിക്കാം. പക്ഷെ അവർ നല്ല മനുഷ്യരല്ല. ഇവർ മറ്റുള്ളവർ ചെയ്തതിനെ പിന്തുടരുകയാണ്. ഇത് ഒരു സാധാരണ ശീലമാവുകയാണ് സിനിമ വ്യവസായത്തിൽ. ജനങ്ങൾ അതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല. അതാണ് പ്രശ്നം. അയാൾ നല്ല ചലച്ചിത്രകാരനാണ് അതിനാൽ ഇനി മേലിൽ സിനിമ നിർമ്മിക്കുവാൻ കഴിയാത്ത വിധത്തിൽ അത്ര ശക്തമായ ശിക്ഷ നൽകണമെന്നില്ല, ശ്രീലേഖ പറഞ്ഞു.

ഇന്ന് രാവിലെയാണ് സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് എടുത്തിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് ബംഗാളി നടി വെളുപ്പെടുത്തിരുന്നത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്ന് രാവിലെ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമർശം. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

രാജി മാത്രമല്ല, സിദ്ദിഖിനെ ബാൻ ചെയ്യണം; റിയാസ് ഖാനില് നിന്നും മോശം അനുഭവം: രേവതി സമ്പത്ത്
dot image
To advertise here,contact us
dot image