തിരുവനന്തപുരം: കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയ 13 കാരിയെ വിശദമായി കേട്ട് സിഡബ്ല്യുസി. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. 150 രൂപ എടുത്താണ് യാത്ര ചെയ്തത്. തല്ക്കാലം മാതാപിതാക്കളുടെ കൂടെ പോകാൻ താല്പര്യമില്ല. സിഡബ്ല്യുസിയുടെ കീഴിൽ നിന്ന് കേരളത്തിൽ പഠിക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബയോട് പറഞ്ഞു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ ആയിരിക്കും. വിശദമായ കൗൺസിലിങ്ങിനു ശേഷമായിരിക്കും തുടർ തീരുമാനമുണ്ടാവുക. നിലവിൽ കുഞ്ഞിന്റെ പൂർണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൗൺസിലിങ്ങിന് ശേഷമായിരിക്കും മറ്റ് തീരുമാനമെടുക്കുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരുന്നതിൽ അമ്മയ്ക്ക് കുഴപ്പമില്ല.
അസം സ്വദേശികളുടെ മൂന്ന് കുട്ടികളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി തീരുമാനിച്ചു. 13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. കുട്ടികളുടെ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി ഉറപ്പുനൽകി.
കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. കഴക്കൂട്ടം എസ്ഐ വി എസ് രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ രണ്ട് വനിത പൊലീസ് അടക്കമുള്ള നാലംഗ സംഘമാണ് പെൺകുട്ടിയെ കേരള എക്സ്പ്രസിൽ വിശാഖപട്ടണത്തു നിന്നു കൊണ്ടുവന്നത്. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്കുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതലാണ് കാണാതായത്. അയല്വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. ജോലിക്ക് പോയ മാതാപിതാക്കള് കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസില് പരാതി നല്കുകയായിരുന്നു.