തൃശൂര്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ നിറവിൽ ഗുരൂവായൂര്. ഗുരുവായൂരപ്പന്റെ ജന്മാഷ്ടമി ദിനത്തിൽ ഗുരുവായൂരിലെത്തുന്നത് ആയിരങ്ങൾ. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂജകളാണ് ഗുരൂവായൂരിൽ നടക്കുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. എല്ലാ കൊല്ലവും അഷ്ടമിരോഹിണി നാളിൽ പ്രത്യേകത പ്രസാദ ഊട്ടാണ് നടത്തപ്പെടുക. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിഭവങ്ങളാണ് ഭക്തർക്ക് വിളമ്പുക.
ഇന്ന് അഞ്ച് മണിയ്ക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്നുളള വൈവിധ്യമാർന്ന കലാപരിപാടികളും വൈകീട്ട് ആയിരിക്കും നടക്കുക. കൂടാതെ രാത്രി 7.30 മുതൽ സംഗീത നൃത്ത നാടകവും രാത്രി പത്ത് മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.
ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാർത്ഥസാരഥിക്ക് സദ്യ സമർപ്പിക്കുന്നതോടെ അഷ്ടമി രോഹിണി വള്ളസദ്യ ആരംഭിക്കും. 52 കരനാഥൻമാർ അടക്കം അരലക്ഷത്തോളം ഭക്തർ സദ്യയിൽ പങ്കെടുക്കും. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 75 പാചകക്കാരുണ്ട്. വിളമ്പുകാർ ഉൾപ്പെടെ 500 പേർ സദ്യ ഒരുക്കങ്ങളിൽ പങ്കാളികളാകും. ശ്രീകൃഷ്ണ ജയന്തി ദിനം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്നതായാണ് ആറൻമുള അഷ്ടമിരോഹിണി വള്ള സദ്യയുടെ വിശ്വാസം.
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തില് ജീവന് നഷ്ടപ്പെട്ട സഹോദരങ്ങള്ക്ക് അനുശോചനസന്ദേശം അർപ്പിച്ച് കൊണ്ടായിരിക്കും ശ്രീകൃഷ്ണ ജയന്തി ശോഭ യാത്ര ആരംഭിക്കുക. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന 'പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം' എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്ന് ബാലഗോകുലം അറിയിച്ചു. കൂടാതെ ശോഭായാത്രയില് പങ്കെടുക്കുന്നവരെല്ലാം വയനാട് സ്നേഹനിധി സമര്പ്പണം ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന് ആര് പ്രസന്നകുമാറും, പൊതുകാര്യദര്ശി കെ എന് സജികുമാറും അറിയിച്ചു.