കൊച്ചി: നടനും എംഎല്എയുമായ മുകേഷിനെതിരെയുള്ള ആരോപണങ്ങള് മാധ്യമസൃഷ്ടിയാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനെതിരെ നടി ഉഷ ഹസീന. സുരേഷ് ഗോപി പറയുന്നത് തെറ്റാണെന്നും ആരോപണങ്ങള് മാധ്യമ സൃഷ്ടിയല്ലെന്നും ഉഷ ഹസീന മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലുള്ളതാണ് പുറത്ത് വന്നത്. മുകേഷ് അധികാര സ്ഥാനങ്ങളില് നിന്നും മാറി നില്ക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടു.
മുകേഷിനെതിരായ ലൈംഗികാരോപണങ്ങള് മാധ്യമസൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികള് ആരോപണത്തിന്റെ രൂപത്തിലാണ് നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള് മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമങ്ങളെയും വിമര്ശിച്ചു.
മുകേഷ് സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലൻ; സുരേഷ് ഗോപി പറഞ്ഞതല്ല പാര്ട്ടി നിലപാടെന്ന് കെ സുരേന്ദ്രന്'വിവാദങ്ങള് മാധ്യമങ്ങളുടെ തീറ്റയാണ്. നിങ്ങള് അത് വെച്ച് കാശുണ്ടാക്കിക്കോളൂ, കുഴപ്പമില്ല. ഒരു വലിയ സംവിധാനത്തെ തകിടം മറക്കുകയാണ് മാധ്യമങ്ങള്. സര്ക്കാര് കോടതിയില് ചെന്നാല് കോടതി എടുക്കും, എടുത്തോട്ടെ. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. ആളുകളെ തമ്മില് തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്,' സുരേഷ് ഗോപി പറഞ്ഞു. നിങ്ങള് കോടതിയാണോയെന്ന് ചോദിച്ച സുരേഷ് ഗോപി കോടതി തീരുമാനിക്കുമെന്ന് കൂട്ടിച്ചേര്ത്തു.
മുകേഷിനെ പിന്തുണച്ചു കൊണ്ടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് പറഞ്ഞു. പാര്ട്ടീ നിലപാട് അതല്ലെന്നും മുകേഷ് രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലപാട് പറയാന് സുരേഷ് ഗോപിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. ഇന്നത്തെ വിഷയം സുരേഷ് ഗോപിയുടെ പരാമര്ശമല്ല, ഹേമ കമ്മിറ്റി റിപ്പോര്ട്ടാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്ശത്തെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് സുരേന്ദ്രന്റെ മറുപടി.