കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്കി മുന് എംഎല്എയും കോണ്ഗ്രസ് നേതാവുമായ അനില് അക്കര. സിറ്റി പൊലീസ് കമ്മീഷണര്ക്കാണ് പരാതി നല്കിയത്. തൃശൂരില് മാധ്യമപ്രവര്ത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് അനില് അക്കരെ ആവശ്യപ്പെട്ടു.
മുകേഷ് വിഷയത്തില് പ്രതികരണം തേടിയ മാധ്യമപ്രവര്കത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎല്എ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില് നേരത്തെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ്ഗോപിയോട് വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്ത്തകരെ പിടിച്ചുതള്ളിയത്. തൃശൂരില് രാമനിലയത്തില് വച്ചായിരുന്നു സംഭവം.
ചോദ്യങ്ങളോട് ധാർഷ്ഠ്യം; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിമാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന് സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ്ഗോപി ക്ഷുഭിതനായി മാധ്യമപ്രവര്ത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നില്ക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു. മുകേഷ് വിഷയത്തില് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്, സുരേഷ്ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാല് പ്രകോപിതനായി സിനിമാ സ്റ്റൈലില് ഡയലോഗ് പറഞ്ഞ് പോകാന് ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തില് കണ്ടത്.
രാവിലെ വിവാദങ്ങള് മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നതടക്കമുള്ള ചോദ്യങ്ങള് തിരിച്ചുചോദിച്ചാണ് സുരേഷ്ഗോപി ക്ഷുഭിതനായത്. പാര്ട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ്ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.