
കൊച്ചി: എഎംഎംഎ ഭരണസമിതിയുടെ രാജിയില് പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗം കൂടിയായ ജയന് ചേര്ത്തല. എഎംഎംഎയില് എല്ലാവര്ക്കും സമ്മതിരായ പുതിയ ഭാരവാഹികള് ജയിച്ചുകയറിവരുമെന്ന് ജയന് ചേര്ത്തല പറഞ്ഞു. എഎംഎംഎ ഒരിക്കലും അനാഥമാകില്ല. അഗ്നിശുദ്ധി വരുത്തി ആരോപണ വിധേയരായവര്ക്ക് തിരിച്ചുവരാമല്ലോയെന്നും ജയന് ചേര്ത്തല പറഞ്ഞു.
'താരങ്ങള്ക്കെതിരെ ആരോപണങ്ങള് പല ഭാഗത്തുനിന്നും വരുന്നു. തമാശയ്ക്ക് ചിലര് പറയുന്ന കാര്യങ്ങള് പോലും ആരോപണങ്ങളായി വരുന്നു. ചില മാധ്യമങ്ങള് ഇതിനെ വേറൊരു രീതിയില് വ്യാഖ്യാനിക്കുന്നു. അതും ഒരു പീഡന ശ്രമം എന്ന നിലയില് വ്യാഖ്യാനിക്കുന്നു. അതിനകത്തും ഒരു പൊളിറ്റിക്സ് ഉണ്ട്. ജനങ്ങളെ സാക്ഷി നിര്ത്തിക്കൊണ്ട് മുന്നോട്ട് നീങ്ങാം.
ജനങ്ങള്ക്ക് ഇഷ്ടമുള്ള രീതിയില് ഞങ്ങള് എല്ലാവരും രാജിവെച്ച് ഒഴിയുന്നു. അഡ്ഹോക് കമ്മിറ്റി രണ്ട് മാസം ഭരിക്കും. എഎംഎംഎ ഒരുപാട് നല്ല കാര്യങ്ങള് ചെയ്തുകൊണ്ടിരിക്കുകയാണ്. 116 പേര്ക്ക് 5,000 രൂപ വീതം പെന്ഷന് കൊടുക്കേണ്ടതാണ്. ഒരുപാട് ഉത്തരവാദിത്തങ്ങള് എഎംഎംഎ നേതൃത്വത്തിനുണ്ട്. അതില് നിന്ന് ഒഴിഞ്ഞുമാറാന് ആരും തയ്യാറല്ല.
കുറച്ചുകഴിയുമ്പോള് കേസിന്റെ കാര്യങ്ങള് മാറും. ജനങ്ങള് അമ്മയെ തിരിച്ചറിയുന്നതും വിലയിരുത്തുന്നതും മാധ്യമങ്ങളിലൂടെയാണ്. ഞങ്ങള് ഇരയ്ക്കൊപ്പം തന്നെയാണ്, വേട്ടക്കാര്ക്കൊപ്പമല്ല. തെറ്റ് ആരോപിക്കാന് ആര്ക്കും പറ്റും. തെറ്റ് തെളിഞ്ഞാല് എഎംഎംഎ ആര്ക്കൊപ്പവും നില്ക്കില്ല. നിവര്ത്തികേടുകൊണ്ടാണ് രാജി എന്ന് മാധ്യമങ്ങള് കരുതുന്നുവെങ്കില് അങ്ങനെ തന്നെ കരുതിക്കോളൂ. 506 മെമ്പര്മാരില് ആരോപണം വരുന്നത് തലപ്പത്തിരിക്കുന്നവര് തൊട്ടാണ്. അത് തങ്ങള്ക്ക് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. തെറ്റ് ചെയ്തവര് ശിക്ഷിക്കപ്പെടട്ടെ എന്ന എഎംഎംഎയുടെ നിലപാടില് മാറ്റമില്ല. രാജി തീരുമാനം ഐകകണ്ഠേനയാണ്. ആരും മാറി ചിന്തിച്ചിട്ടില്ല. മോഹന്ലാലുമായി രാവിലെ മൂന്ന് വട്ടം സംസാരിച്ചിരുന്നു', ജയന് ചേര്ത്തല പറഞ്ഞു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളില് എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇന്ന് ചേര്ന്ന ഓണ്ലൈന് യോഗത്തിലായിരുന്നു തീരുമാനം.
എഎംഎംഎ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന് മോഹന്ലാല് തീരുമാനിച്ചത് തിങ്കളാഴ്ച രാത്രിയാണ്. ചുമതലയില് തുടരാനാവില്ലെന്ന് മോഹന്ലാല് നിലപാടെടുക്കുകയായിരുന്നു. മോഹന്ലാല് ഒറ്റയ്ക്ക് രാജിവെക്കരുതെന്ന് അഭിപ്രായം ഉയര്ന്നതോടെയാണ് എക്സിക്യൂട്ടിവിനോട് ആലോചിക്കാന് തീരുമാനിച്ചത്. മമ്മുട്ടിയുമായും ആലോചിച്ചു. മമ്മുട്ടിയും എക്സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയെ പിന്തുണച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ രാജി രാവിലെയാണ് മോഹന്ലാല് മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിയെ ആദ്യം എഎംഎംഎയിലെ ഒരു വിഭാഗം എതിര്ത്തു. തിരുത്തലിനു വേണ്ടത് രാജിയല്ലെന്ന അഭിപ്രായം ഉയര്ന്നു. കരുത്തുറ്റ നിലപാടും നടപടിയുമാണ് മുഖം രക്ഷിക്കാന് അനിവാര്യമെന്നും അഭിപ്രായം ഉയര്ന്നിരുന്നു. ആരോപണങ്ങള്ക്ക് പിന്നില് ദുരൂഹ താല്പര്യങ്ങളെന്നായിരുന്നു മോഹന്ലാലിന്റെ നിലപാട്. പ്രതിരോധിക്കാന് ശ്രമിച്ചാലും ആരോപണങ്ങള് തുടരുമെന്നും മോഹന്ലാല് നിലപാടെടുത്തു.
ക്ഷേമ പ്രവര്ത്തനങ്ങള് നിറവേറ്റാന് നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില് വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള് തുടരും.
മോഹന്ലാല് ഇന്നലെ രാത്രി തീരുമാനിച്ചു,മമ്മൂട്ടിയുമായി ആലോചിച്ചു; കൂട്ടത്തോടെ രാജി