
കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില് നിന്നുള്ള കൂട്ടരാജിയ്ക്ക് ശേഷം പ്രതികരിച്ച് രാജിവെച്ച ഭരണസമിതി അംഗം ജോയ് മാത്യു. ഭരണകേന്ദ്രത്തില് ഉള്ളവര് ആരോപണം നേരിട്ടാല്, പ്രത്യേകിച്ച് ലൈംഗികാരോപണം നേരിട്ടാല് രാജി വെക്കുന്നതാണ് നല്ലതെന്നും രാജിയ്ക്കായി നിര്ബന്ധമോ ഭീഷണിയോ ഒന്നും ഉണ്ടായിട്ടില്ലെന്നും ജോയ് മാത്യൂ പറഞ്ഞു.
ധാര്മികതയുടെ പ്രശ്നമാണ്. രാജി തീരുമാനം എല്ലാവരും ഒരുമിച്ച് എടുത്തതാണ്. പിരിച്ചുവിട്ട കമ്മിറ്റി തന്നെയാണ് അഡ്ഹോക് കമ്മിറ്റിയായി രണ്ടുമാസം തുടരുക. അവശ കലാകാരന്മാര്ക്ക് കൈനീട്ടം കൊടുക്കുന്നതും സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും അഡ്ഹോക് കമ്മിറ്റി നടപ്പിലാക്കും. അടുത്ത ജനറല്ബോഡിയില് ഭരണസമിതിയെ തീരുമാനിക്കും. സ്ത്രീകളുടെ ഭാഗത്ത് നിന്ന് ശക്തമായ സ്ഥാനാര്ത്ഥികള് വന്നാല് നല്ലതാണ്. ഉത്തരവാദിത്വത്തില് നിന്ന് ഒഴിഞ്ഞുമാറുകയല്ല. അമ്മയില് നിന്നല്ല രാജിവെച്ചത്. ഭരണസമിതിയില് നിന്നാണ് രാജിവെച്ചത്. അര്ഹതയില്ലെന്ന സ്വയം തോന്നല് ഉള്ളതുകൊണ്ടാണ് രാജിവെക്കുന്നത്. എല്ലാവരും രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.
കോണ്ക്ലേവിന് വ്യക്തിപരമായി എതിരാണ്. കുറ്റാരോപിതര്ക്ക് എതിരെ നടപടിയെടുക്കുമെന്നല്ലേ സര്ക്കാര് പറയുന്നത്. തലപ്പത്തേക്ക് മോഹന്ലാല് വീണ്ടും വരും. ഞങ്ങള് പുറകേ നടന്നാണ് അദ്ദേഹത്തെ വീണ്ടും പ്രസിഡന്റാക്കിയത്. മുകേഷ് രാജി വെക്കണ്ടേ എന്ന ചോദ്യത്തിന് ഞങ്ങള് കാണിച്ച ധാര്മിക മൂല്യം ഇല്ലേ..ഇത് മനസ്സിലാക്കാന് പറ്റുന്ന ആളാണെങ്കില് മുകേഷ് സ്ഥാനത്ത് നിന്ന് വിട്ടുനില്ക്കണമെന്നും ജോയ് മാത്യൂ പ്രതികരിച്ചു. മുകേഷ് ഭരണസമിതിയില് ഇല്ല. അതുകൊണ്ട് രാജിവെക്കാന് പറയാന് എഎംഎംഎയ്ക്ക് അധികാരമില്ല. ദിലീപ് ഉണ്ടാക്കിയ പ്രശ്നത്തേക്കാള് വലുതല്ല ഇപ്പോഴുള്ള പ്രശ്നങ്ങള് എന്നും ജോയ് മാത്യൂ കൂട്ടിച്ചേര്ത്തു.
മോഹന്ലാല് എഎംഎംഎ പ്രസിഡന്റ് സ്ഥാനവും ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളില് എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്ലാലിന്റെ രാജി.
ക്ഷേമ പ്രവര്ത്തനങ്ങള് നിറവേറ്റാന് നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില് വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള് തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.