പാലക്കാട്: പി കെ ശശിക്കെതിരായ സിപിഐഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തീരുമാനം ഇന്ന് ചേർന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പികെ ശശിക്ക് നഷ്ടമാകും. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാർട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക. മുന് എംഎല്എയും കെടിഡിസി ചെയര്മാനുമാണ് പി കെ ശശി.
പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തിൽ ഗുരുതര അച്ചടക്ക ലംഘനമാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. പി കെ ശശിയുടെ പ്രവർത്തനം പാർട്ടിയോട് ചർച്ച ചെയ്യാതെയാണ്. മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നും പാർട്ടി വിമർശിച്ചിരുന്നു.
ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളിൽ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നിരുന്നു.
പി കെ ശശിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി മണ്ണാർക്കാട് ഏരിയ കമ്മറ്റി പ്രവർത്തിച്ചു. ഏരിയ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമർശിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ മണ്ണാര്ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായതെങ്കിലും നടപടിയെടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.
ഇതിനിടെ പി കെ ശശിയെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. പി കെ ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ വാക്കുകൾ. നുണകളിലൂടെ യൂണിവേഴ്സൽ കോളേജിനെയും പി കെ ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഒരുപാട് വിദ്യാർത്ഥികളെയും അധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം. കള്ളന്മാരും പിടിച്ചുപറിക്കാരും ഒരുപാടുണ്ട്, അവരെ കുറിച്ച് പറയാനും വാക്കുകൾ കൊണ്ട് ആക്രമിക്കാനും ആരും തയ്യാറാവില്ല. പി കെ ശശിയെ പോലുള്ളവരുടെ പിന്നിലാണ് വാർത്തകളെന്നും ഗണേഷ് കുമാർ ആരോപിച്ചു.