യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി; മുൻകൂർ ജാമ്യം തേടിവി കെ പ്രകാശ് ഹൈക്കോടതിയിൽ

പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടികാട്ടിയാണ് വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

dot image

കൊച്ചി: യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടികാട്ടിയാണ് വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വികെ പ്രകാശ് പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന് വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണമാണ് യുവ കഥാകൃത്ത് ഉയർത്തിയിരുന്നത്. ആദ്യ സിനിമയുടെ കഥ പറയാന് ചെന്നപ്പോള് മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

'രണ്ട് വര്ഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശ് എന്ന സംവിധിയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള് ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി. കൊല്ലത്ത് ഒരു ഹോട്ടലില് അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയില് വന്ന് കഥ പറയാന് അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള് അത് നിര്ത്തിവെക്കാന് പറയുകയും എനിക്ക് മദ്യം ഓഫര് ചെയ്യുകയും ചെയ്തു.

തുടര്ന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള് നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വള്ഗറായിട്ടും അഭിനയിക്കേണ്ട സീന് തന്നു. എനിക്ക് അഭിനയത്തോട് താല്പര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താല്പര്യമെന്നും പറഞ്ഞപ്പോള് അഭിനയിക്കാന് പറ്റുമെന്ന് പറഞ്ഞിട്ട് അതിന് നിര്ബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാന് ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താല് മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പര്ശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേള്ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള് തന്നെ എനിക്ക് തോന്നി. സര് മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോള് ഞാന് വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു,' യുവതി വെളിപ്പെടുത്തി.

സംവിധായകന് മുറിയില് നിന്നും പോയപ്പോള് തന്നെ ഹോട്ടലില് നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോകുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ നോക്കുമ്പോള് സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായെന്നും തിരിച്ചു വിളിച്ചപ്പോള് ക്ഷമിക്കണമെന്ന് പറയുകയും ചെയ്തതായി യുവതി കൂട്ടിച്ചേര്ത്തു. ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാല് തരാമെന്നുമായിരുന്നു വികെ പ്രകാശ് തന്നോട് പറഞ്ഞതെന്നും യുവതി വ്യക്തമാക്കി. തുടര്ന്ന് പതിനായിരം രൂപ അയച്ചു നല്കിയെന്നും യുവതി പറയുന്നു.

'അതവിടെ ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാല് പിണറായി വിജയന് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന് മുന്നോട്ട് വരുന്നത്. സിനിമാ മേഖലയില് ഇനി വരുന്ന ആര്ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്,' അവര് പറഞ്ഞു. നിലവില് സിനിമയുമായി ബന്ധമില്ലെന്നും ഇപ്പോള് ഒരുപാട് പേര് മുന്നോട്ട് വരികയും സര്ക്കാര് പിന്തുണക്കുകയും ചെയ്തതിനാലാണ് തുറന്ന് പറയാന് ധൈര്യം ലഭിച്ചെന്നും യുവതി കൂട്ടിച്ചേര്ത്തിരുന്നു.

'കഥ കേൾക്കാൻ വിളിപ്പിച്ചു, മോശമായി പെരുമാറി'; വികെ പ്രകാശിനെതിരെ ആരോപണവുമായി യുവ കഥാകൃത്ത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us