കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എംഎല്എ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മുകേഷിനെതിരായ കേസ്. ഒരു നിമിഷം പോലും അദ്ദേഹം എംഎല്എ സ്ഥാനത്ത് തുടരാന് പാടില്ല. മുകേഷ് രാജി വെക്കാന് തയ്യാറായില്ലെങ്കില് സംസ്ഥാന സര്ക്കാര് നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങള് ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്ക്കാര്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നതിന് ശേഷം ചില സ്ത്രീകള് രംഗത്തെത്തി കാര്യങ്ങള് തുറന്നുപറയുന്നുണ്ട്. ആരോപണങ്ങള് ഉയരുന്ന സാഹചര്യത്തില് മുകേഷ് എംഎല്എ സ്ഥാനത്ത് തുടരാന് പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ആനി രാജ പ്രതികരിച്ചു.
നടിയുടെ ലൈംഗികാതിക്രമ പരാതിയില് മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്പിള്ള രാജു, നോബിള്, വിച്ചു, വി എസ് ചന്ദ്രശേഖരന് എന്നിവര്ക്കെതിരെയായിരുന്നു നടിയുടെ ലൈംഗികാതിക്രമ പരാതി.
ഇമെയില് മുഖേനയാണ് സര്ക്കാര് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നടി പരാതി നല്കിയത്. ഇതേതുടര്ന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില് അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില് ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് മരട് പൊലീസ്