വിവാദങ്ങളിൽ കുലുങ്ങുന്ന ആളല്ല സജി ചെറിയാൻ,ഓലപ്പാമ്പിലൊന്നും കമ്യൂണിസ്റ്റുകാർ പേടിക്കില്ല: സി ദിവാകരൻ

മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഐ മുതിർന്ന നേതാവ് സി ദിവാകരൻ

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ഉയരുന്ന വിമർശനങ്ങളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഐ മുതിർന്ന നേതാവ് സി ദിവാകരൻ. സജി ചെറിയാൻ വിവാദങ്ങൾ കൊണ്ട് പ്രശസ്തനാണ്. അതിലൊന്നും കുലുങ്ങുന്ന ആളല്ലെന്നും വിവാദങ്ങളിൽ കുലുങ്ങേണ്ട കാര്യമില്ലെന്നും സി ദിവാകരൻ പറഞ്ഞു.

'ആ സജി ചെറിയാനെ എനിക്കൊരുപാട് ഇഷ്ടമാണ്. വിവാദങ്ങളെ അതിൻ്റെ പാട്ടിലേക്ക് വിട്ടേക്കുക. ചെറിയ ഓലപ്പാമ്പിലൊന്നും ഞങ്ങൾ കമ്യൂണിസ്റ്റുകാർ പേടിക്കില്ല. അത് കമ്മ്യൂണിസ്റ്റ് ശൈലിയാണ്. അതൊക്കെ മടക്കി കൈയിൽ വയ്ക്കട്ടെ'യെന്നും സി ദിവാകരൻ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിപിഐ നേതാക്കൾ സർക്കാരിനെ വിമർശിക്കുന്നതിനിടയിലാണ് സജി ചെറിയാന് പൂർണ്ണപിന്തുണ നൽകിയുള്ള സി ദിവാകരന്റെ വാക്കുകൾ.

ആരെയും കുറിച്ച് എന്തും പറയാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നാണ് സജി ചെറിയാന്റെ പ്രതികരണം. അത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ ഇടപെടൽ കൊണ്ട് സിനിമാ മേഖലയിൽ അടിമുടി മാറ്റമുണ്ടായി. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നതാണ്. സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ സർക്കാർ നടപ്പിലാക്കിയെന്നും സജി ചെറിയാൻ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പുറത്തുവിടാതിരുന്നതിലും റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നതിലും പ്രതിപക്ഷത്തിനൊപ്പം സിപിഐയും സർക്കാരിനെ ഒന്നാകെയും സാംസ്കാരിക ആഭ്യന്തരവകുപ്പുകൾക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. സജി ചെറിയാൻ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image