തൃശ്ശൂര്: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന് അംബാസിഡര് പദവി ഒഴിഞ്ഞ് നടന് ഇടവേള ബാബു. തനിക്കെതിരെ ഉയര്ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായി ആരോപിച്ചിട്ടുള്ള കുറ്റങ്ങളില് ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ് സ്ഥാനത്ത് നിന്ന് ഒഴിവാകുന്നത്. കേസ് മുന്നോട്ട് കൊണ്ടു പോകേണ്ടതിനാലാണ് ഇത്തരം ഒരു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ലൈംഗിക ആരോപണം ഉയര്ന്ന സാഹചര്യത്തില് ഇടവേള ബാബു സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയുടെ ശുചിത്വ മിഷന് അംബാസിഡര് സ്ഥാനം ഇടവേള ബാബു ഒഴിഞ്ഞത്.
അതിനിടെ നടിയുടെ ലൈംഗിക പീഡന പരാതിയില് എം മുകേഷ് എംഎല്എയുടെ അറസ്റ്റ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി തടഞ്ഞു. സെപ്റ്റംബര് മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില് മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത പശ്ചാത്തലത്തില് മുന്കൂര് ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.
ആരോപണത്തില് കേസെടുത്തതോടെ മുകേഷ് എംഎല്എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.
ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് മുകേഷ് കാര്യങ്ങള് വിശദീകരിച്ചിരുന്നു. പരാതിക്കാരി പണം തട്ടാന് ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില് മുകേഷ് മുന്കൂര് ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല് ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള് നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല് തല്ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.