'ഞങ്ങളുമുണ്ട് കൂടെ';വയനാടിന് കൈത്താങ്ങായി കുടുംബശ്രീ, മുഖ്യമന്ത്രിക്ക് കൈമാറിയത് 20 കോടി 7 ലക്ഷം രൂപ

മനുഷ്യസ്നഹേത്തിന്റെ മഹത്തായ ചരിത്രമാണ് കുടുംബശ്രീ രചിക്കുന്നതെന്ന് മന്ത്രി

dot image

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും. ആദ്യഘട്ടമായി സമാഹരിച്ച 20, 07,05,682 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട് കൂടെ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്. ക്യാമ്പയിനിൽ പങ്കാളികളായ മുഴുവൻ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ജീവനക്കാരേയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മനുഷ്യസ്നഹേത്തിന്റെ മഹത്തായ ചരിത്രമാണ് കുടുംബശ്രീ രചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സ്ഥാനമൊഴിയുന്ന കുടുംബശ്രീ എക്സി. ഡയറക്ടർ ജാഫർ മാലിക്, എക്സി. ഡയറക്ടർ എ ഗീത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇതു കൂടാതെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് വയനാട് കേന്ദ്രീകരിച്ച് കുടുംബശ്രീ നടത്തി വരുന്നത്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻറെ നിർദേശ പ്രകാരം മൂന്നു വാർഡുകളിലെ മുഴുവൻ കുടുംബങ്ങളുടെയും കുടുംബ സർവേ കുടുംബശ്രീ പൂർത്തിയാക്കി. ഇതിൻറെ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്കാവശ്യമായ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ മരിച്ച ഒമ്പത് അയൽക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങൾക്ക് കുടുംബശ്രീ ജീവൻ ദീപം ഇൻഷുറൻസ് പ്രകാരം ആകെ 7,22,500 രൂപ ലഭ്യമാക്കി. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ ശുപാർശ ചെയ്തു. ദുരന്തബാധിത മേഖലയിലെ തൊഴിൽ അന്വേഷകർക്കായി ജില്ലാ ഭരണകൂടത്തിൻറെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ച് നിലവിൽ 59 പേർക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവർക്കും എത്രയും വേഗം അർഹമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെൻററിങ്ങ് സംവിധാനവും ആരംഭിച്ചു. ഇതിൻറെ ഭാഗമായി 50 കുടുംബങ്ങൾക്ക് ഒരു മെൻറർ എന്ന നിലയിൽ 20 കമ്യൂണിറ്റി മെൻറർമാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ദുരന്തം സംഭവിച്ചതിൻറെ തൊട്ടടുത്ത ദിവസം തന്നെ സർക്കാരിൻറെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച ഹെൽപ് ഡെസ്കിന് നേതൃത്വം നൽകിയതും കുടുംബശ്രീ അംഗങ്ങളാണ്. കൂടാതെ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണം, ഹരിതകർമസേന കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസലിങ്ങ് എന്നീ പ്രവർത്തനങ്ങളും കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us