തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന എം മുകേഷ് എംഎല്എയുടെ രാജി വിഷയത്തില് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്. നോ കമന്റ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില് പ്രതികരിക്കാനില്ലെന്നും പറഞ്ഞു. അതേ സമയം നയരൂപീകരണ കമ്മിറ്റിയില് മുകേഷ് തുടരുന്നതില് വിചിത്ര ന്യായീകരണം നടത്തുകയും ചെയ്തു മന്ത്രി.
11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ല. അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രം. നയം രൂപീകരിക്കേണ്ടത് സര്ക്കാരും മന്ത്രിസഭയും എന്നായിരുന്നു വിചിത്ര ന്യായീകരണം.
ആരെയും കുറിച്ച് എന്തും പറയാന് മാധ്യമങ്ങള് ശ്രമിക്കുന്നുവെന്ന് സജി ചെറിയാന് പറഞ്ഞു. അത് സൌഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള് ചൂണ്ടിക്കാണിക്കണം. ഇന്ത്യയില് ഏറ്റവും കൂടുതല് സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്ക്കാരിന്റെ ഇടപെടല് കൊണ്ട് കൊണ്ട് സിനിമ മേഖലയില് അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന് പറഞ്ഞു.
സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില് ഉണ്ടായിട്ടുണ്ട്. സിനിമയില് സ്ത്രീകള്ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള് സര്ക്കാര് നടപ്പിലാക്കിയെന്നും സജി ചെറിയാന് പറഞ്ഞു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ഉയരുന്ന വിമർശനങ്ങളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഐ മുതിർന്ന നേതാവ് സി ദിവാകരൻ രംഗത്തെത്തി. സജി ചെറിയാൻ വിവാദങ്ങൾ കൊണ്ട് പ്രശസ്തനാണ്. അതിലൊന്നും കുലുങ്ങുന്ന ആളല്ലെന്നും വിവാദങ്ങളിൽ കുലുങ്ങേണ്ട കാര്യമില്ലെന്നും സി ദിവാകരൻ പറഞ്ഞു.
'ആ സജി ചെറിയാനെ എനിക്കൊരുപാട് ഇഷ്ടമാണ്. വിവാദങ്ങളെ അതിൻ്റെ പാട്ടിലേക്ക് വിട്ടേക്കുക. ചെറിയ ഓലപ്പാമ്പിലൊന്നും ഞങ്ങൾ കമ്യൂണിസ്റ്റുകാർ പേടിക്കില്ല. അത് കമ്മ്യൂണിസ്റ്റ് ശൈലിയാണ്. അതൊക്കെ മടക്കി കൈയിൽ വയ്ക്കട്ടെ'യെന്നും സി ദിവാകരൻ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിപിഐ നേതാക്കൾ സർക്കാരിനെ വിമർശിക്കുന്നതിനിടയിലാണ് സജി ചെറിയാന് പൂർണ്ണപിന്തുണ നൽകിയുള്ള സി ദിവാകരന്റെ വാക്കുകൾ.