കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന് മുകേഷ് എംഎല്എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി. മുകേഷ് രാജിവെക്കേണ്ടതില്ല. ആരോപണ വിധേയര് മാറി നില്ക്കണം എന്ന് നിയമത്തില് പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള് ഉള്പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള് ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു.
ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില് കൊണ്ടുവരുമെന്നത് സര്ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല് സര്ക്കാര് നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള് പൂര്ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങള് ചെയ്യുന്നു. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും എന്നും മുന് മന്ത്രി പറഞ്ഞു.
നടിയുടെ പരാതിയില് മരട് പൊലീസാണ് എം മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26-ാം തീയതിയാണ് എം മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന് പിള്ള രാജു, നോബിള്, വിച്ചു, ചന്ദ്രശേഖരന് എന്നിവര്ക്കെതിരെ നടി രംഗത്തെത്തിയത്.
നടി ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില് അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില് ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.