'മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം'; രമ്യ ഹരിദാസ്

മുകേഷ് രാജി വെച്ച് നിയമ നടപടി നേരിടാന് തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് പറഞ്ഞു

dot image

കൊച്ചി: ലൈംഗികാതിക്രമ പരാതിയില് പ്രത്യേക അന്വേഷണ സംഘം കേസെടുത്തതോടെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ. മുകേഷ് രാജി വെച്ച് നിയമ നടപടി തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിയും സർക്കാരും വേട്ടക്കാർക്ക് ഒപ്പമാണ്, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചത് മുതൽ മൊഴികൾ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സർക്കാരിൻറെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും' രമ്യ ഹരിദാസ് പ്രതികരിച്ചു.

സിനിമ മേഖലയിലെ മുഴുവൻ ആളുകളും നിലവിൽ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകൾ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും പവർ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അവർ കൂട്ടിച്ചേർത്തു. മൊഴി നൽകാൻ ഭയപ്പെടുന്ന ഇരകൾ ഇപ്പോഴുമുണ്ട്, സ്വതന്ത്രമായി മൊഴി കൊടുക്കാൻ ആത്മവിശ്വാസം നൽകുന്ന രീതിയിൽ പരാതിക്കാർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും കോൺഗ്രസ് മുൻ എംപി കൂടിയായിരുന്ന രമ്യ ഹരിദാസ് പ്രതികരിച്ചു.

അതേസമയം എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില് കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് സിപിഐഎം. മുകേഷ് എംഎല്എ സ്ഥാനത്തിരിക്കുന്നത് ധാര്മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില് രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി. ഇതുവരെയും ആരോപണ നിഴലില് മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാന് സിപിഐ സംസ്ഥാന ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും.

മുകേഷ് ഒരു നിമിഷം പോലും എംഎല്എ സ്ഥാനത്ത് ഇരിക്കാന് യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള് ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.

'ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ചില സ്ത്രീകൾ രംഗത്തെത്തി കാര്യങ്ങൾ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മുകേഷ് രാജിക്ക് തയ്യാറായില്ലെങ്കില് സംസ്ഥാന സർക്കാർ നടപടിയെടുക്കണം', എന്നാണ് ആനി രാജ പ്രതികരിച്ചത്. മുകേഷ് രാജിവെക്കണമെന്നും എല്ഡിഎഫിനും സര്ക്കാരിനും പ്രതിസന്ധിയുണ്ടാക്കാതെ തീരുമാനം എടുക്കണമന്നും പ്രകാശ് ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല് മുകേഷ് എംഎല്എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ പ്രസിഡന്റും മുന് മന്ത്രിയുമായ പി കെ ശ്രീമതി പ്രതികരിച്ചത്. ആരോപണ വിധേയര് മാറി നില്ക്കണം എന്ന് ഒരു നിയമത്തിലും പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം എന്ന സാങ്കേതികത്വം കലര്ന്ന മറുപടിയായിരുന്നു പി കെ ശ്രീമതിയുടേത്. ജനപ്രതിനിധിയായിരിക്കുന്നയാള് ആരോപണം ഉയരുമ്പോള് രാജിവെക്കേണ്ടതില്ലെന്നും ജനപ്രതിനിധികളുടെ കേസുകള് വിചാരണ ചെയ്യാന് പ്രത്യേക കോടതിയുണ്ടെന്ന് എ പി അനില് കുമാറും പറഞ്ഞതോടെ മുകേഷിന്റെ രാജിയില് മുന്നണി തീർത്തും രണ്ടുതട്ടിലായി. കേസെടുത്തതിന് പിന്നാലെ ഇ പി ജയരാജനും മുകേഷിന് അനുകൂലമായാണ് പ്രതികരിച്ചത്. ഇതിന് മുമ്പ് ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്ന ന്യായീകരണമാണ് സിപിഐഎം നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിയത്.

ലെെംഗികാതിക്രമ പരാതിയില് ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ ലൈംഗികാതിക്രമ പരാതിയില് മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില് അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില് ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

മുഖ്യമന്ത്രിയോട് കാര്യങ്ങള് വിശദീകരിച്ച് മുകേഷ്; മുന്കൂര് ജാമ്യം തേടില്ല, വീടിന് പൊലീസ് കാവല്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us