യുവകഥാകൃത്തിന്റെ പരാതി: വി കെ പ്രകാശിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവകഥാകൃത്തിന് ക്രിമിനല് പശ്ചാത്തലമുണ്ടെന്നാണ് വികെ പ്രകാശിന്റെ മുന്കൂര് ജാമ്യാപേക്ഷയിലെ പ്രധാന വാദം

dot image

കൊച്ചി: യുവകഥാകൃത്തിനെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന കേസില് സംവിധായകന് വി കെ പ്രകാശ് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് വികെ പ്രകാശിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുവകഥാകൃത്തിന് ക്രിമിനല് പശ്ചാത്തലമുണ്ടെന്നാണ് വികെ പ്രകാശിന്റെ മുന്കൂര് ജാമ്യാപേക്ഷയിലെ പ്രധാന വാദം.

2022ല് പാലാരിവട്ടം പൊലീസ് രജിസ്റ്റര് ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പരാതിക്കാരി. തനിക്കെതിരായ ആക്ഷേപങ്ങള് അടിസ്ഥാന രഹിതമാണ്. ബ്ലാക് മെയില് ചെയ്ത് പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്കിയിട്ടുണ്ടെന്നുമാണ് വികെ പ്രകാശിന്റെ വാദം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലിന്മേല് ഹൈക്കോടതിയിലെത്തിയ ആദ്യ മുന്കൂര് ജാമ്യാപേക്ഷയാണ് വി കെ പ്രകാശിന്റേത്.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന് വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണമാണ് യുവ കഥാകൃത്ത് ഉയർത്തിയിരുന്നത്. ആദ്യ സിനിമയുടെ കഥ പറയാന് ചെന്നപ്പോള് മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

സിദ്ദിഖും മുന്കൂര് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില് അഭിഭാഷകന് ഉന്നയിച്ചേക്കും. മുന്കൂര് ജാമ്യാപേക്ഷ നല്കിയതിന് ശേഷമാകും സിംഗിള് ബെഞ്ചിന് മുന്നില് അഭിഭാഷകന് വിഷയം ഉന്നയിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിന്റെയും മൊഴിയുടെയും അടിസ്ഥാനത്തില് മ്യൂസിയം പൊലീസ് ആണ് സിദ്ദിഖിനെ പ്രതിയാക്കി കേസെടുത്തത്. ബലാത്സംഗം ഉള്പ്പടെയുള്ള കുറ്റങ്ങള് ചുമത്തപ്പെടാവുന്ന സാഹചര്യത്തില് നടന്മാരായ ബാബുരാജ്, മുകേഷ്, ജയസൂര്യ, അലന്സിയര് എന്നിവരും ഹൈക്കോടതിയെ സമീപിക്കും. എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് പ്രതിയായ സംവിധായകന് രഞ്ജിത്തും മുന്കൂര് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ബംഗാളി നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെടാനുള്ള സാധ്യത മുന്നിര്ത്തിയാണ് രഞ്ജിത്ത് മുന്കൂര് ജാമ്യം തേടുന്നത്.

അതേസമയം ലൈംഗികാതിക്രമ പരാതികളില് നടനും എംഎല്എയുമായി മുകേഷ്, നടന് ജയസൂര്യ എന്നിവര്ക്കെതിരെ കൂടി പൊലീസ് കെസെടുത്തു. മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. എറണാകുളം സ്വദേശിയായ നടി നല്കിയ പരാതിയിലാണ് കേസ്.

തിരുവനന്തപുരം കണ്ന്റോണ്മെന്റ് പൊലീസാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തത്. സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റില് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇന്നലെ കൊച്ചിയില് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

ലൈംഗികാതിക്രമ പരാതി; ജയസൂര്യക്കെതിരെ കേസെടുത്തു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us