പത്തനംതിട്ട: മലയാള സിനിമാ രംഗത്ത് ഉയരുന്ന ലൈംഗിക ആരോപണ പരാതികളില് പ്രതികരിച്ച് നടന് കോബ്ര രാജേഷ്. തെറ്റ് ചെയ്തവര് ശിക്ഷിക്കപ്പെടണം. ആര് തെറ്റ് ചെയ്താലും തന്റെ നിലപാടില് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ പ്രശ്നങ്ങള് കലങ്ങിത്തെളിയണം. അമ്മയില് അംഗത്വം താന് എടുത്തിട്ടില്ല. സാമ്പത്തികം ഇല്ലാത്തതിനാലാണ് അംഗത്വം എടുക്കാതിരുന്നതെന്നും കോബ്ര രാജേഷ് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളില് വിഷമമുണ്ട്. ആരാധിക്കുന്നവര് ബഹുമാനിക്കുന്നവര് ആരോപണ വിധേയരായതില് വിഷമുണ്ടെന്നും കോബ്ര രാജേഷ് പറഞ്ഞു.
അതേ സമയം നടിയുടെ ലൈംഗിക പീഡന പരാതിയിൽ എം മുകേഷ് എംഎൽഎയുടെ അറസ്റ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില് മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ മുൻകൂർ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.
ആരോപണത്തില് കേസെടുത്തതോടെ മുകേഷ് എംഎല്എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.
ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് മുകേഷ് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പരാതിക്കാരി പണം തട്ടാന് ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില് മുകേഷ് മുന്കൂര് ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല് ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള് നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല് തല്ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.