തിരുവനന്തപുരം: മുകേഷ് എംഎല്എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയരുമ്പോള് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. സര്ക്കാരിന്റെ നിലപാടില് സംശയം വേണ്ടെന്നും സര്ക്കാര് ആരെയും സംരക്ഷിക്കില്ലെന്നും വീണാ ജോര്ജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സര്ക്കാരിന്റെ നിലപാട് വ്യക്തമാണ്. പിണറായി വിജയന് സര്ക്കാര് തന്നെയാണ് കമ്മിറ്റിയെ നിയമിച്ചത്. എസ്ഐടിയെ നിയമിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുന്നു. 2013-14 കാലഘട്ടത്തില് മാധ്യമങ്ങളിലുടെ ഉന്നയിച്ച പരാതികള് ഉണ്ട്. അന്നത്തെ സര്ക്കാര് ആരോപണങ്ങളില് ഒരു നടപടിയും എടുത്തിട്ടില്ലെന്നും വീണാ ജോര്ജ് കൂട്ടിച്ചേര്ത്തു.
അതേസമയം ലൈംഗികാരോപണത്തില് കേസ് രജിസ്റ്റര് ചെയ്തതോടെ നടനും എംഎല്എയുമായ മുകേഷിന്റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി. മഹിളാ കോണ്ഗ്രസ് മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കും. ജില്ലാ ഭരണകേന്ദ്രങ്ങളില് മഹിളാ കോണ്ഗ്രസ് നാളെ പ്രതിഷേധിക്കും.
രാജി ആവശ്യപ്പെട്ട് യുഡിഎഫിലെ വനിതാ നേതാക്കള് രംഗത്തെത്തി. ധാര്മികതയും നിയമബോധവുമുണ്ടെങ്കില് എംഎല്എ സ്ഥാനത്ത് മുകേഷിന് തുടരാന് കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. ചില സിപിഐഎം നേതാക്കള് മുകേഷിനെ സംരക്ഷിക്കാന് ശ്രമിക്കുന്നു. മുകേഷിന് എംഎല്എ സ്ഥാനത്ത് തുടരാന് അര്ഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്. സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തില് ഇത്രയും ആരോപണപരമ്പരകള് ഉയര്ന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കില് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മുകേഷ് രാജിവെക്കണമെന്ന് ഷാനിമോള് ഉസ്മാന് ആവശ്യപ്പെട്ടു. മുകേഷിനെ സര്ക്കാര് സംരക്ഷിക്കുകയാണെന്നും ഷാനിമോള് ഉസ്മാന് ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ 11 പേജുകള് സര്ക്കാര് വെട്ടി. ഈ പേജുകളില് സിപിഐഎമ്മിന് വേണ്ടപ്പെട്ടവരുടെ പേരുകളുണ്ട്. അവരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും സംശയമുണ്ടെന്നും അവര് പ്രതികരിച്ചു.