ആലപ്പുഴ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്എയുടെ രാജിയില് സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലല്ലെന്ന് ബിനോയ് വിശ്വം. എല്ഡിഎഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാല് വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയര്ത്തിപ്പിടിക്കാന് സിപിഐഎമ്മും സിപിഐയും പ്രതിജ്ഞാബദ്ധരാണ്. സിപിഐ-സിപിഐഎം വഴക്ക് എന്ന വ്യാമോഹം ആര്ക്കും വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയില് പറഞ്ഞു.
മുകേഷ് രാജിവെക്കണം എന്ന ആവശ്യത്തില് ഉറച്ചുനില്ക്കുന്ന സിപിഐ നേതാവ് ആനി രാജയെ ബിനോയ് വിശ്വം തള്ളി. ഇവിടുത്തെ കാര്യങ്ങള് പറയാന് സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാനത്തെ സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ലൈംഗികാതിക്രമ കേസില് ആരോപണ വിധേയന് എന്ന നിലയില് ഒരു നിമിഷം പോലും അദ്ദേഹം എംഎല്എ സ്ഥാനത്ത് തുടരാന് പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാന് തയ്യാറായില്ലെങ്കില് സംസ്ഥാന സര്ക്കാര് നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.