തിരുവനന്തപുരം: വള്ളംകളി നടത്തുന്നതിൽ ഇരട്ടത്താപ്പുമായി സർക്കാർ. ബേപ്പൂരിൽ കോടികൾ മുടക്കി വാട്ടർ ഫെസ്റ്റിന് അനുമതി നൽകിയപ്പോൾ ആലപ്പുഴയിൽ വള്ളംകളി വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ വാട്ടർഫെസ്റ്റിനായി രണ്ടരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
ഈ മാസം 22 നായിരുന്നു രണ്ടരക്കോടി രൂപ ബേപ്പൂരിലെ വാട്ടർ ഫെസ്റ്റിനായി സർക്കാർ നൽകിയത്. നെഹ്റു ട്രോഫി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് മാറ്റിവെക്കുന്നുവെന്നായിരുന്നു പരാമർശം. ബോട്ട് ക്ലബ്ബുകൾ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. നെഹ്റുട്രോഫി മത്സരത്തിൽ 19 ചുണ്ടൻവള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്റു ട്രോഫിക്കായി സർക്കാർ നൽകുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.
ഇതിനിടയിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിന് വേണ്ടി ഭീമമായ തുക സർക്കാർ അനുവദിച്ചത്.
വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. എന്നാല് ഒരിടത്ത് അനുവദിക്കുകയും മറ്റൊരിടത്ത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതില് സര്ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.