'എന്നോ പൊളിഞ്ഞ വാദങ്ങൾ'; രാജിക്ക് പിന്നാലെ ആഷിഖ് അബുവിനെ വിമർശിച്ച് ഫെഫ്ക

2018 ൽ ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്നേ നിർവ്വീര്യമാക്കിയതാണെന്നും ഫെഫ്ക

dot image

തിരുവനന്തപുരം: രാജിക്ക് പിന്നാലെ സംവിധായകൻ ആഷിഖ് അബുവിനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക. സിബി മലയിൽ ആഷിഖ് അബുവിൽ നിന്നും 20ശതമാനം കമ്മീഷൻ വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നും അദ്ദേഹം ആവർത്തിക്കുന്നത് എന്നോ പൊളിഞ്ഞുപോയ വാദങ്ങളാണെന്നും ഫെഫ്ക ആരോപിച്ചു.

ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സിബി മലയിൽ ആഷിഖ് അബുവിൽ നിന്ന് 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നത് വ്യാജ ആരോപണമാണ്. 2018 ൽ ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്നേ നിർവ്വീര്യമാക്കിയതാണെന്നും ഫെഫ്ക പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. 2018 ൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഫെഫ്ക ആരോപിച്ചു.

സംഘടനയുമായുള്ള ആഷിഖ് അബുവിന്റെ വിയോജിപ്പ് ആശയപരമല്ല, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടെയുള്ളതെന്നും ഫെഫ്ക കൂട്ടിച്ചേർത്തു.

അതേസമയം വെള്ളിയാഴ്ചയാണ് ആഷിഖ് അബു രാജി സംബന്ധിച്ച കത്ത് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന് കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. നിലപാടിന്റെ കാര്യത്തിൽ കാപട്യം പുലർത്തുന്ന നേതൃത്വത്തോടുള്ള അതിശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് രാജിക്ക് പിന്നിലെന്ന് ആഷിഖ് അബു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ മൗനവും പഠിച്ചു പറയാം, വൈകാരിക പ്രതികരണങ്ങൾ എല്ല വേണ്ടത് എന്ന നിർദേശം പോലുള്ളവ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്കയെന്നാൽ ബി ഉണ്ണികൃഷ്ണനല്ലെന്നും വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിഖ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ആഷിഖ് ഫെഫ്കയിൽ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീർക്കുകയാണെന്നും കഴിഞ്ഞ പല സിനിമകളിലായി 40 ലക്ഷത്തോളം രൂപയാണ് അദ്ദേഹം ഫെഫ്ക അംഗങ്ങൾക്ക് നൽകാനുള്ളതെന്നുമുള്ള പരാമർശവുമായി ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ രംഗത്തെത്തിയിരുന്നു.

നേരത്തെ താരസംഘടനയായ എഎംഎംഎയിൽ കൂട്ടരാജിക്ക് പിന്നാലെയാണ് ഫെഫ്കയിലും ആദ്യ രാജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us