കാഫിർ സ്ക്രീൻഷോട്ട് വിവാദം; റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം

അന്വേഷണത്തിന് തോടന്നൂർ എഇഒയെ ചുമതലപ്പെടുത്തി

dot image

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് തോടന്നൂർ എഇഒയെ ചുമതലപ്പെടുത്തി. യൂത്ത്കോൺഗ്രസ് നേതാവ് ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്.

വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎൽപി സ്കൂൾ അധ്യാപകനായ റിബേഷുൾപ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിൻറെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു. വടകരയിലെ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും 'കാഫിർ' വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23-ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us