'തോന്നിവാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ല'; മുകേഷിനെതിരായ കേസിൽ എം എം മണി

'തന്നെപ്പറ്റി ആക്ഷേപം ഉണ്ടായാലും പരിശോധിക്കുന്നതാണ് സംഘടന'

dot image

തൊടുപുഴ: ലൈംഗികാരോപണത്തിൽ കേസെടുത്തതിന് പിന്നാലെ എം മുകേഷ് എംഎൽഎ രാജിവെക്കണമെന്ന മുറവിളി തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐഎം മുതിര്ന്ന നേതാവ് എം എം മണി. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന് എം എം മണി പറഞ്ഞു. ഒരു വിട്ടുവീഴ്ചയുടെയും പ്രശ്നം ഉണ്ടാകില്ല. തന്നെപ്പറ്റി ആക്ഷേപം ഉണ്ടായാലും പരിശോധിക്കുന്നതാണ് സംഘടന. കോൺഗ്രസിനെപ്പോലെ വളിച്ച കാര്യം തങ്ങൾ ചെയ്യില്ല. തോന്നിവാസം ചെയ്യുന്നവർക്ക് തങ്ങളുടെ കൂടെ സ്ഥാനം ഉണ്ടാകില്ല. അത് അതിനുമുമ്പും തെളിയിച്ചിട്ടുണ്ട്, ഇനിയും തെളിയിക്കുമെന്നും എം എം മണി പറഞ്ഞു.

ഇതിനിടെ എം മുകേഷ് എംഎല്എക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നല്കി. മുകേഷിനെതിരെ മാത്രമാണ് നടി ഇന്ന് മൊഴി നല്കിയത്. പരാതിയില് ഉറച്ചു നില്ക്കുന്നു. വേണ്ട തെളിവ് സഹിതം വിശദീകരിച്ചാണ് മൊഴി നല്കിയതെന്നും നടി പറഞ്ഞു.

കുറ്റം ഏത് പ്രമുഖന് ചെയ്താലും ധൈര്യമായി മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ വാചകം ആണ് ധൈര്യം തന്നത്. ആരോപണം ഉന്നയിച്ച മറ്റുള്ളവര്ക്കെതിരായ രഹസ്യമൊഴി വരും ദിവസങ്ങളില് നല്കും. അറസ്റ്റ് തടഞ്ഞുള്ള കോടതി നടപടി തിരിച്ചടി അല്ല. കുറ്റക്കാന് അല്ലെന്നല്ല കോടതി പറഞ്ഞതെന്നും നടി പറഞ്ഞു.

അതേ സമയം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് മുകേഷ് മടങ്ങി. പുത്തന്കുരിശില് അതീവരഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. പുത്തന്കുരിശ് വടവുകോട് അഭിഭാഷകന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അഡ്വ ജിയോ പോളാണ് മുകേഷിനായി കോടതിയില് ഹാജരാകുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നാലേ മുക്കാലോടെയാണ് മടങ്ങിയത്. വക്കാലത്ത് ഒപ്പിട്ടാണ് മുകേഷ് മടങ്ങിയത്. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ജിയോ പോള് പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്ണ രൂപം ഒരാഴ്ചക്കുള്ളില് സമര്പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന് നിര്ദേശിച്ചിട്ടുണ്ട്. മുകേഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image