'മുകേഷ് രാജിവെക്കേണ്ടതില്ല, പാർട്ടി നിലപാട് ഉത്തരവാദിത്തപ്പെട്ടവർ അറിയിക്കും'; എം ബി രാജേഷ്

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എംബി രാജേഷ്

dot image

തിരുവനന്തപുരം: ലെെംഗികാതിക്രമ കേസില് ആരോപണവിധേയനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എല്ഡിഎഫ് കണ്വീനർ ഇ പി ജയരാജന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ വേണ്ട സമയത്ത് അറിയിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. കോൺഗ്രസിലെ രണ്ട് എംഎൽഎമാർ തങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും തൽസ്ഥാനത്ത് തുടരുന്നത് ഇപി ജയരാജൻ ചൂണ്ടി കാണിച്ചത് ആ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി മാത്രമാണെന്നും സിപിഐഎമ്മിനോടുള്ള സ്നേഹം കോൺഗ്രസിനോട് മാധ്യമങ്ങൾ കാണിക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി എന്നേയുള്ളൂവെന്നും എംബി രാജേഷ് പരിഹസിച്ചു.

അതേ സമയം മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എൽഡിഎഫിൽ ഭിന്നത തുടരുകയാണ്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐഎം ദേശീയ നേതാവ് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറയുന്നു.

എം മുകേഷിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിക്കുന്നു. ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ചോദിച്ചു. അതേ സമയം ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാര് സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്ത്തു.

നടിയുടെ ലെെംഗികാതിക്രമ പരാതിയില് ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നിർണായക തീരുമാനം ഉണ്ടാകുമോ?
dot image
To advertise here,contact us
dot image