സിപിഐ നിലപാട് സ്ത്രീപക്ഷം, എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും; മന്ത്രി ചിഞ്ചുറാണി

വിഷയത്തില് സിപിഐയില് ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി

dot image

കൊല്ലം: മുകേഷ് രാജി വെക്കണമോ എന്നതില് സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണ്. ആനി രാജയുടെ നിലപാട് തന്നെയാണ് പാര്ട്ടിക്കും. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും. ഇരകള്ക്ക് നീതി ലഭിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില് സിപിഐയില് ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഐയുടെ ദേശീയ നേതാക്കള് പറഞ്ഞത് തന്നെയാണ് പാര്ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്ത്തു.

ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില് മുകേഷിന്റെ രാജി സംബന്ധിച്ചുള്ള സിപിഐ നിലപാട് ചര്ച്ചയാകും. ധാര്മ്മികത മുന്നിര്ത്തി മുകേഷ് രാജിവെക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. മുകേഷ് എംഎല്എ സ്ഥാനം രാജി വെക്കേണ്ടെന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല് മുകേഷ് രാജി വെക്കണമെന്ന ആവശ്യം മുന്നണിയില് തര്ക്ക വിഷയമായ പശ്ചാത്തലത്തില് ചര്ച്ച ചെയ്യാതെ പോകാനാകില്ല.

അതേസമയം എംഎല്എ ബോര്ഡ് നീക്കിയ വാഹനത്തിലാണ് മുകേഷ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില് നിന്ന് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് യാത്ര. പോകുന്ന വഴികളിലെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാകാം ബോര്ഡ് നീക്കിയതെന്നും സൂചനയുണ്ട്.

നടിയുടെ പീഡനപരാതിയില് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് നടപടി. സെപ്റ്റംബര് മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില് മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത പശ്ചാത്തലത്തില് മുന്കൂര് ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us