'ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണ വിധേയരെ സർക്കാർ ഒഴിവാക്കണം'; സുനിൽ പി ഇളയിടം

മുൻ മാതൃകകളേക്കാൾ സ്ത്രീനീതിയെ സംബന്ധിച്ചുള്ള ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയനിലപാടാണ് ഇക്കാര്യത്തിൽ പ്രധാനമാകേണ്ടതെന്നും സുനിൽ പി ഇളയിടം കുറിച്ചു.

dot image

കൊച്ചി: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണവിധേയരായവരെ ഒഴിവാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഇടത് സഹയാത്രികനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. സമിതിയിൽ ഉൾപ്പെട്ട നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണമുയർന്നതോടെയാണ് സുനിൽ പി ഇളയിടത്തിന്റെ പ്രതികരണം.

ഫേസ്ബുക്കിലൂടെയായിരുന്നു സുനിൽ പി ഇളയിടത്തിന്റെ പ്രതികരണം. സമിതിയുടെ അടിസ്ഥാനലക്ഷ്യം സംരക്ഷിക്കാൻ ആരോപണവിധേയരുടെ രാജി ആവശ്യമാണ്. ഇത്തരത്തിലുള്ള വ്യക്തികൾ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്നും സുനിൽ പി ഇളയിടം ആവശ്യപ്പെട്ടു. മുൻ മാതൃകകളേക്കാൾ സ്ത്രീനീതിയെ സംബന്ധിച്ചുള്ള ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയനിലപാടാണ് ഇക്കാര്യത്തിൽ പ്രധാനമാകേണ്ടതെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചു.

മുകേഷ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികരായ നിരവധി പേർ രംഗത്തുവന്നിരുന്നു. നേരത്തെ മുകേഷിനെതിരെ രൂക്ഷ വിമര്ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും രംഗത്തെത്തിയിരുന്നു. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില് വളരാന് അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിലുള്ളത്. 'ചില കാര്യങ്ങള് പറയേണ്ട സമയത്തു തന്നെ പറയണം. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്. നാഴികയ്ക്കു നാല്പ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില് ഇനിയും വളരാന് അനുവദിക്കരുത്,' ദീപയുടെ കുറിപ്പില് പറയുന്നു. ഇന്ത്യാ വിഷൻ ചാനലിലെ അവതാരകയായിരുന്ന വീണ ജോർജ്ജിനോട് മുഖാമുഖം പരിപാടിയിൽ മുകേഷിൻ്റെ മുൻ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, മുകേഷിന്റെ രാജിയ്ക്കായി സിപിഐ ഇടതു മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കുകയാണ്. എംഎല്എയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ടുകണ്ടിരുന്നു. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുകേഷിന്റെ കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ഇതിനിടെ മുകേഷ് തന്റെ വാഹനത്തിലെ എംഎൽഎ ബോർഡ് മാറ്റി ഇന്ന് രാവിലെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു. പ്രതിഷേധം മുന്നിൽകണ്ട് കർശന പൊലീസ് സുരക്ഷയിലാണ് എംഎൽഎ യാത്ര തിരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us