ആരോപണവിധേയർ അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഷൻ; ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നി: ബി ഉണ്ണികൃഷ്ണൻ

വെള്ളിയാഴ്ചയായിരുന്നു ആഷിഖ് അബു സംഘടനയിൽ നിന്നും രാജിവെക്കുന്നത്

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംഘടനയിൽ കൂടുതൽ നടപടികൾക്ക് ഒരുങ്ങി ഫെഫ്ക. ആരോപണം നേരിടുന്നവരിൽ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പൊലീസിൽ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കുമെന്നും ഒത്തുതീർപ്പ് സമീപനത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ട് പുറത്തുവന്നയുടനെ പ്രതികരണം നടത്താം എന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചെങ്കിലും താരങ്ങൾ ഉൾപ്പെടെ പലരും ഇതിനെ എതിർക്കുകയായിരുന്നു. എന്നാൽ അന്ന് ആ നിലപാട് എടുത്തവർ തന്നെ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ജസ്റ്റിസ് ഹേമയെ വിമർശിക്കുകയും ചെയ്തു ഫെഫ്ക ജനറല് സെക്രട്ടറി. ഗുരുതര ആരോപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അന്ന് അതില് ഇടപെടണമായിരുന്നു. അവർ ജസ്റ്റിസ് ആയിരുന്നല്ലോയെന്നും ബി ഉണ്ണികൃഷ്ണന് ചോദിച്ചു.

മുകേഷിന്റെ രാജി; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, മാധ്യമപ്രവർത്തകർക്കും പരിക്ക്

സംവിധായകൻ ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയിൽ സജീവമല്ലാത്തയാളാണ് ആഷിഖ് അബു. 2018 ൽ ഉന്നയിച്ച ആരോപണം ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആഷിഖ് അബുവിന്റെ രാജിയെ വിമർശിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. സിബി മലയിൽ കമ്മീഷൻ വാങ്ങിയെന്ന പരാമർശം വ്യാജമാണെന്നും അദ്ദേഹം ആവർത്തിക്കുന്നത് എന്നോ പൊളിഞ്ഞുപോയ വാദങ്ങളാണെന്നും ഫെഫ്ക ആരോപിച്ചിരുന്നു. സംഘടനയുമായുള്ള ആഷിഖ് അബുവിന്റെ വിയോജിപ്പ് ആശയപരമല്ല, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടെയുള്ളതെന്നും ഫെഫ്ക കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയായിരുന്നു ആഷിഖ് അബു സംഘടനയിൽ നിന്നും രാജിവെക്കുന്നത്. രാജി സംബന്ധിച്ച കത്ത് അദ്ദേഹം ബി ഉണ്ണികൃഷ്ണന് കൈമാറി. നിലപാടിന്റെ കാര്യത്തിൽ കാപട്യം പുലർത്തുന്ന നേതൃത്വത്തോടുള്ള അതിശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് രാജിക്ക് പിന്നിലെന്ന് ആഷിഖ് അബു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ മൗനവും പഠിച്ചു പറയാം, വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം പോലുള്ളവ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം രാജിക്കത്തിൽ കുറിച്ചു.

കൊൽക്കത്തയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; സിവിക് വളണ്ടിയർ അറസ്റ്റിൽ

ബി ഉണ്ണികൃഷ്ണനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഫെഫ്കയെന്നാൽ ബി ഉണ്ണികൃഷ്ണനല്ലെന്നും വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നുമായിരുന്നു ആഷിഖിന്റെ പരാമർശം.നേരത്തെ താരസംഘടനയായ എഎംഎംഎയിൽ കൂട്ടരാജി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖ് അബു സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവെക്കുന്നത്.

ഒളിച്ചോടിയിട്ടില്ല, എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ

അതേസമയം ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എംഎൽഎ മുകേഷ് സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് സിപിഐഎം. സംസ്ഥാന കമ്മിറ്റി യോഗത്തിലും മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് തുടർന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്ലാക്ക് മെയിൽ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാൻ കഴിയുന്ന തെളിവുകളും മുകേഷ് പാർട്ടിക്ക് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നൽകാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.

മുകേഷിന്റെ രാജി സംബന്ധിച്ച ഭിന്നത എൽഡിഎഫിൽ ഇപ്പോഴും തുടരുകയാണ്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐയിലെയും സിപിഐഎമ്മിലെയും ദേശീയ നേതാക്കൾ. നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്.

dot image
To advertise here,contact us
dot image