തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെ എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസ്. ബിജെപിയില് ചേരാന് ഇ പി ജയരാജന് ആഗ്രഹിക്കുന്നുണ്ടെങ്കില് ബിജെപി സംസ്ഥാന ഘടകം അത് ആലോചിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. സിപിഐഎമ്മില് പവര് ഗ്രൂപ്പ് രൂപപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ഒതുക്കപ്പെടുന്നത് എന്നുള്ള ആരോപണം ഉയര്ന്നിരുന്നുവെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു.
'ഇ പി ജയരാജന് എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മും എല്ഡിഎഫുമാണ്. ഇത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. പ്രകാശ് ജാവദേക്കറുമായി ചര്ച്ച നടത്തിയതാണ് കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണമെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ല. മറ്റൊരു രാഷ്ട്രീയ പാര്ട്ടിയുടെ നേതാവുമായി സംസാരിച്ചതിന് പുറത്താക്കുകയെന്നത് നേരത്തെ സാമൂഹിക രംഗത്തുണ്ടായ അയിത്തം രാഷ്ട്രീയ രംഗത്തുമുണ്ടായിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇ പി ജയരാജന്റെ പ്രതികരണവും വന്നിട്ടില്ല. ഇ പി കേന്ദ്ര കമ്മിറ്റി അംഗമാണ്. പാര്ട്ടിയില് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിപ്രകാശ് ജാവ്ദേക്കറുമായി സംസാരിച്ചതിന്റെ പേരിലല്ല മാറ്റി നിര്ത്തല് എന്നാണ് താന് മനസ്സിലാക്കുന്നത്. സിപിഐഎമ്മില് പവര് ഗ്രൂപ്പ് രൂപപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ഒതുക്കപ്പെടുന്നത് എന്നുള്ള ആരോപണം ഉയര്ന്നു. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ഇപി ജയരാജന് ഒതുക്കപ്പെടേണ്ടയാളല്ല. ജയരാജന് തീരുമാനിക്കട്ടെ,' കൃഷ്ണദാസ് പറഞ്ഞു.
ഇന്നലെ ചേര്ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാന പ്രകാരമാണ് എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് മുതിർന്ന നേതാവ് ഇ പി ജയരാജനെ നീക്കിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഇ പി ജയരാജന് സന്ദര്ശിച്ചതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില് നിന്ന് വലിയ എതിര്പ്പുകള് ഉയര്ന്നിരുന്നു.
ഇരുവരുടെയും കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ദല്ലാള് നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി- ജാവദേക്കര് കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജന് ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജന് സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില് ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം.