തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതിൽ പ്രതികരണവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നടപടിയെ പറ്റി അറിയില്ലെന്നും സംസ്ഥാന കമ്മിറ്റിയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില് ഇ പി പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇ പി ജയരാജന് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില് മുന്നണിക്കുള്ളില് നിന്നും കടുത്ത അതൃപ്തി ഉയര്ന്നിരുന്നു. സിപിഐഎം പാര്ട്ടി കോണ്ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള് ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.
വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമുള്ള പ്രതികരണമാണ് നടത്തിയത്. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയില് പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്നായിരുന്നു വിഡി സതീശൻ്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി നേതാവിനെ കണ്ടതെന്നും വിഡി സതീശൻ ആരോപിച്ചു. ഇ പി ജയരാജനെ കുറെ കാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാര്ട്ടി പിന്തുണ നല്കിയില്ലെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.