തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന് ചുമതലയേറ്റു. മുന് ചീഫ് സെക്രട്ടറിയും ഭര്ത്താവുമായ ഡോ. വി വേണുവില് നിന്നാണ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റുവാങ്ങിയത്. സെക്രട്ടറിയേറ്റ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. സംസ്ഥാന ചരിത്രത്തില് ആദ്യമായിട്ടാണ് ഭര്ത്താവ് സ്ഥാനമൊഴിയുമ്പോള് ഭാര്യ സ്ഥാനം ഏറ്റെടുക്കുന്നത്.
സാധാരണക്കാരുടെ പ്രശ്നങ്ങളില് ഇടപെടുന്ന രീതിയില് ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. വയനാട് പുനരധിവാസമാണ് മുന്നിലുള്ള വെല്ലുവിളി. പുനരധിവാസം വേഗത്തിൽ നടപ്പിലാക്കണം. സര്ക്കാരിന്റെ ദൗത്യം സാക്ഷാത്കരിക്കണം. സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് വികസനം സാധ്യമാക്കും. അടുത്ത വര്ഷം മാര്ച്ച് 30ന് നവേകരള പദ്ധതി പൂര്ത്തിയാക്കേണ്ടതിനാൽ എല്ല വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ശാരദ മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനത്തിന് തന്റെ മുന്ഗാമികള് കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയവും, സൌഹൃദവുമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ടെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ അന്പതാമത് ചീഫ് സെക്രട്ടറിയായിട്ടാണ് ശാരദ മുരളീധരൻ സ്ഥാനത്തെത്തുന്നത്. ചീഫ് സെക്രട്ടറി സ്ഥാപനത്തെത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരന്.