കൊച്ചി: നടന് സിദ്ദിഖിനെതിരായ പീഡന പരാതിയില് നിര്ണായക നീക്കവുമായി അന്വേഷണസംഘം. സിദ്ദിഖിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന് സിദ്ദിഖിന് നോട്ടീസ് നല്കും.
പ്രത്യേക ഉദ്യോഗസ്ഥന് വഴി കൊച്ചിയിലെത്തിയാകും നോട്ടീസ് നല്കുക. കോടതിയില് രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാല് ഉടന് ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്.
തനിക്കെതിരെയുള്ള പരാതിയിലെ എഫ്ഐആറിന്റെ പകര്പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന് വഴിയാണ് പകര്പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചത്. എന്നാല് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില് തന്നെ ഉണ്ടായിരുന്നുവെന്ന നിര്ണായക തെളിവ് ലഭിച്ചിട്ടുണ്ട്. മസ്ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില് സിദ്ദീഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നാളെ മോഹന്ലാല് മാധ്യമങ്ങളെ കാണുംഎട്ട് വര്ഷം മുമ്പ് ഹോട്ടലില് വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഭീഷണിപ്പെടുത്തല് എന്നീ വകുപ്പുകള് പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ആരോപണത്തില് നടിക്കെതിരെയും സിദ്ദീഖ് പരാതി നല്കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില് പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ദീഖ് പരാതി നല്കിയിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് നടി ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചത് ഇപ്പാഴാണ്. ആരോപണങ്ങള്ക്ക് പിന്നില് നിക്ഷിപ്ത താല്പര്യമാണെന്നും പരാതിയില് സിദ്ദീഖ് ആരോപിക്കുന്നു
നടിയുടെ ആരോപണത്തിൻ്റെ പൂർണരൂപം
പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില് 'സുഖമായിരിക്കട്ടെ'യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്കറ്റ് ഹോട്ടലില് വെച്ച് സിനിമയെക്കുറിച്ച് ചര്ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന് പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല് ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,'
2019ല് തന്നെ ഇക്കാര്യം പൊതു സമൂഹത്തില് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില് നിന്നും മാറ്റി നിര്ത്തപ്പെട്ടു. സിദ്ദിഖ് ഇപ്പോള് പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര് പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള് നമ്പര് വണ് ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല് അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.'