രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവം, സിനിമാമേഖല ജെൻഡർ സെൻസിറ്റീവ് ആകണം; ബി ഉണ്ണികൃഷ്ണൻ

'ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള വിവേചനം പരിഹരിക്കണം'

dot image

തിരുവനന്തപുരം: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രാധികയുമായി സംസാരിച്ചുവെന്നും കാരവാൻ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാമേഖല ജെൻഡർ സെൻസിറ്റീവ് ആകണമെന്നും സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഡബ്ല്യുസിസിയുടെ കടന്നുവരവാണ് ഐസിസിയുടെ രൂപീകരണത്തിന് കാരണം. ഐസിസിയുടെ നിയമ പരിരക്ഷയെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവബോധം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് വിവേചനമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കോ-ഓർഡിനേറ്റേഴ്സിന് ലൈസൻസ് കൊണ്ടുവരണം. ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള വിവേചനം പരിഹരിക്കണം. വേതനത്തിൽ ചൂഷണം നടക്കുന്നുണ്ട്. കോ-ഓർഡിനേറ്റേഴ്സ് ചൂഷണം ചെയ്യുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പെട്ടെന്നുള്ള പ്രതികരണമല്ല, സൂക്ഷ്മമായ അപഗ്രഥനമാണ് വേണ്ടതെന്ന് കരുതി. ചില നടൻമാരുടെ നിർദ്ദേശാനുസരണമാണ് പ്രതികരണം വൈകിയതെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

കുറ്റകരമായ മൗനം ഉണ്ടായില്ല. പൊതുബോധത്തിൻ്റെ കൂടെ നിൽക്കുന്ന അഭിപ്രായപ്രകടനം എളുപ്പമാണ്. പ്രശ്നപരിഹാരത്തിന് അതുപോര. എല്ലാപേരുകളും പുറത്തുവരമെന്ന് ആദ്യം പറഞ്ഞത് ഫെഫ്കയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റാരോപിതരുടെ ഭാഗവും വ്യക്തമായി കേൾക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടങ്ങളിലും പ്രബലഗ്രൂപ്പുകളുണ്ട്. മാഫിയ എന്ന് വിശേഷിപ്പിക്കുന്നത് അതിഭാവുകത്വമാണ്. സിനിമയിൽ നിന്നുള്ള ഒഴിവാക്കപ്പെടലിനെ കുറിച്ച് പഠനം നടത്തും. ആഷിഖ് അബു അക്ഷമ കാണിച്ചു. ഈ വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ല. ആഷിഖിൻ്റെ അക്ഷമയാണ് രാജിയിലേക്കെത്തിച്ചത്. ആഷിഖ് എട്ട് വർഷമായി ഫെഫ്കയിൽ വരിസംഖ്യ അടച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. രാജി ഇതുവരെ ലഭിച്ചിട്ടില്ല. ആഷിഖ് അബുവിൻ്റെ അംഗത്വം പുതുക്കേണ്ടതില്ല എന്നാണ് തീരുമാനം. മമ്മൂട്ടിയും മോഹൻലാലും സംസാരിച്ചു കാണാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ വൈകിയത് വ്യക്തിപരമായ ചിലപ്രശ്നങ്ങൾ മൂലമെന്നും കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയായിരുന്നു ആഷിഖ് അബു സംഘടനയിൽ നിന്നും രാജിവെച്ചത്. രാജി സംബന്ധിച്ച കത്ത് അദ്ദേഹം ബി ഉണ്ണികൃഷ്ണന് കൈമാറിയിരുന്നു. നിലപാടിന്റെ കാര്യത്തിൽ കാപട്യം പുലർത്തുന്ന നേതൃത്വത്തോടുള്ള അതിശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് രാജിക്ക് പിന്നിലെന്ന് ആഷിഖ് അബു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ മൗനവും പഠിച്ചു പറയാം, വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം പോലുള്ളവ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം രാജിക്കത്തിൽ കുറിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us