പി വി അൻവറിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, മുഖ്യമന്ത്രി മറുപടി പറയണം: ബിജെപി

എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ആണോയെന്നും എം ടി രമേശ് ചോദിച്ചു

dot image

തിരുവനന്തപുരം: പി വി അൻവറിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് ബിജെപി. ഇക്കാര്യത്തില് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരാണ് ആരോപണങ്ങൾ. വസ്തുതാപരമെങ്കിൽ ഗുരുതരമാണ്. പി വി അൻവർ ആർക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നത് എന്ന് വ്യക്തമാകണം. ആരോപണങ്ങൾ എല്ലാം അന്വേഷിക്കണം. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ആണോയെന്നും എം ടി രമേശ് ചോദിച്ചു.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ക്രിമിനലുകൾ. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ ഉത്തരവാദിത്തം നിറവേറ്ററുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ പറഞ്ഞു.

'അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോൾ റെക്കോർഡ് ഉണ്ട് കയ്യിൽ. അപ്പുറത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പിൽ വരും. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരനെ ഒരുവർഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിൽ. എല്ലാം കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്. ദുബായിൽ നിന്ന് സ്വർണം വരുമ്പോൾ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസിൽ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസിൽ അയാൾ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ട്. അവർ അത് കണ്ടതായി നടിക്കില്ല. പകരം ഇവർ പുറത്തിറങ്ങുമ്പോൾ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം ആർ അജിത്കുമാറാണ്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്. വിശ്വസിച്ച് ഏൽപിച്ചത് പി ശശിയാണ്. ശശിക്ക് ഇതിൽ പരാജയം സംഭവിച്ചു എന്ന് തന്നെ കരുതേണ്ടിവരും. അദ്ദേഹം അത് അനലൈസ് ചെയ്തിരുന്നെങ്കിൽ ഇത്ര വലിയ കൊള്ള നടക്കില്ല. ശശിധരൻ കള്ളന് കഞ്ഞിവെച്ചു. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്ത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയിൽ അത് തടയിടും. കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്. തന്റെ ജീവൻ അപകടത്തിലാണ്. ഈ രീതിയിൽ മുന്നോട്ട് പോയാൽ പാർട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. പി വി അൻവർ പാർട്ടിയെ നിലനിർത്താനാണ് ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധി പേഴ്സണൽ സ്റ്റാഫിനാൽ വെടിയേറ്റ് മരിച്ചതാണ്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാർട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്', പി വി അൻവർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us