കൊച്ചി: നടനും എംഎല്എയുമായ മുകേഷിന്റെ രാജിയില് പാര്ട്ടി നിലപാട് വ്യക്തമാക്കിയതാണെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. സിനിമ മേഖലയിലെ പ്രശ്നങ്ങള് ചര്ച്ച ചെയ്യാന് കാരണമായത് ഒരു നടിയുടെ പോരാട്ടമാണെന്നും നടിയെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നടിയുടെയും ഡബ്ല്യൂസിസിയുടെയും ഇടപെടലാണ് പ്രശ്നങ്ങള് പൊതു സമൂഹത്തിന് മുന്നിലെത്തിച്ചത്. രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്. എന്റെ പാര്ട്ടിയിലും ആണ് ആധിപത്യം ഉണ്ട്, അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്ട്ടി,' എംഎ ബേബി പറഞ്ഞു.
ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിസിപിഐഎമ്മില് പവര് ഗ്രൂപ്പുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎമ്മില് പവര് ഗ്രൂപ്പ് ഇല്ലെന്നും പാര്ട്ടിയുടെ പവര് ഗ്രൂപ്പ് ലക്ഷക്കണക്കിന് വരുന്ന അണികളാണെന്നും അദ്ദേഹം പറഞ്ഞു. എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില് ഇപി ജയരാജന് അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും എംഎ ബേബി കൂട്ടിച്ചേര്ത്തു.
എല്ഡിഎഫ് കണ്വീനര് സ്ഥാനത്തുനിന്നാണ് കഴിഞ്ഞ ദിവസം ഇ പി ജയരാജനെ നീക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇ പി ജയരാജനെ നീക്കിയത്. സിപിഐഎം പാര്ട്ടി കോണ്ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള് ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന് നടത്തിയ കൂടിക്കാഴ്ച്ചയില് മുന്നണിക്കുള്ളില് നിന്നും കടുത്ത അതൃപ്തി ഉയര്ന്നിരുന്നു. പ്രകാശ് ജാവദേക്കര്-ഇ പി ജയരാജന് കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ദല്ലാള് നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജന്-പ്രകാശ് ജാവദേക്കര് കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജന് ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജന് സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില് ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം.