കോഴിക്കോട്: നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മന്ത്രി വള്ളംകളിയ്ക്കായി ഒരു കോടി രൂപ നൽകുന്നതായി മുൻകൂട്ടി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. റിപ്പോർട്ടറിൻറെ കോഫി വിത്ത് അരുണിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ടൂറിസം മേഖലക്ക് നെഹ്റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണ്. എന്നാൽ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. അത് നടക്കാൻ മുൻപന്തിയിൽ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കും. ബേപ്പൂർ വാട്ടർ ഫെസ്റ്റും നെഹ്റു ട്രോഫിയും രണ്ടാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് മലബാർ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പ്രാദേശിക വാദമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം മന്ത്രി എന്ന നിലയിൽ കേരളത്തിൽ എവിടെയും ഇത്തരം വിനോദങ്ങൾ നടക്കണം എന്നാണ് തൻറെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷം ഇല്ലെയെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം കാര്യം എങ്ങനെ പ്രചരിച്ചു എന്നറിയില്ല. യോഗം ചേരുന്നതിന് മുൻപാണ് വയനാട് ദുരന്തം ഉണ്ടായത്. സർക്കാരിന്റെ ഓണാഘോഷം ഉചിതമല്ല എന്നൊരു അഭിപ്രായം ഉയർന്നു. എന്നാലിത് ടൂറിസം വിഭാഗത്തിലാണ് ഏറ്റവും അധികം ബാധിക്കുക. ഓണാഘോഷം ആർക്കൊക്കെ നടത്താനാകുമോ അത് നടക്കും. ഔദ്യോഗിക ഓണാഘോഷം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഓണാഘോഷം നടത്തിയ ഇടങ്ങളിൽ ആരെങ്കിലും നടത്താൻ താത്പര്യപ്പെട്ട് വന്നാലും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റുട്രോഫി മത്സരത്തിൽ 19 ചുണ്ടൻവള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്റു ട്രോഫിക്കായി സർക്കാർ നൽകുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018-ലും 2019-ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വെച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. എന്നാല് ഒരിടത്ത് അനുവദിക്കുകയും മറ്റൊരിടത്ത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതില് സര്ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപമുയർന്നിരുന്നത്. വള്ളംകളിയുടെ കാര്യത്തിൽ സർക്കാർ പ്രഖ്യാപനം കാത്തിരിക്കുകയാണ് ബോട്ട് ക്ലബ്ബ് ഉടമകൾ.