ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്.
അതിന് മുമ്പ് ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു. തുടർച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വർധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണവില, നികുതി നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സിലിണ്ടറിന്റെ വിലനിർണ്ണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.