തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി എംഎൽഎ പി വി അൻവർ ഉയർത്തിയത് ഗുരുതരമായ ആരോപണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും ചേർന്ന് എല്ലാത്തരം വൃത്തികേടുകളും നടത്തുന്നു എന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുന്നു. നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ടാപ്പ് ചെയ്യുന്നു എന്നാണ് വെളിപ്പെടുത്തൽ. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് സ്വർണക്കടത്ത് കച്ചവടം വരെ നടത്തുന്നുവെന്നാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം. മുഖ്യമന്ത്രി നമശിവാ പാടിയിരിക്കുന്നു. എല്ലാം ഭരിക്കുന്നത് പി ശശിയാണ്. ആഭ്യന്തരമന്ത്രി എംആർ അജിത്ത് കുമാറാണെന്നും ചെന്നിത്തല ആരോപിച്ചു.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.
ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ക്രിമിനലുകൾ. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ ഉത്തരവാദിത്തം നിറവേറ്ററുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു.