തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ ധാരണ. എൻസിപി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഇന്നലെ കൊച്ചിയിലാണ് അടിയന്തര യോഗം നടന്നത്. യോഗത്തിൽ പത്ത് ജില്ലാ പ്രസിഡന്റുമാരാണ് പങ്കെടുത്തത്. അസൗകര്യം മൂലം നാല് ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ നിന്നും വിട്ടുനിന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെ ബാക്കി ഒമ്പത് ജില്ലാ പ്രസിഡന്റുമാരും കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തോട് യോചിച്ചു. തീരുമാനം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അഞ്ചാം തിയ്യതി ഡൽഹിയിലേക്ക് തിരിക്കും. എകെ ശശീന്ദ്രൻ, തോമസ് കെ തോമസ്, പി സി ചാക്കോ, ശരദ് പവാർ എന്നിവർ അഞ്ചാം തിയ്യതി ഡൽഹിയിൽ ചേരുന്ന യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമാകും.
നേരത്തെ എൻസിപിയുടെ മന്ത്രി സ്ഥാനം 2001 ൽ തീരുമാനിക്കുമ്പോൾ രണ്ടര വർഷം തോമസ് കെ തോമസിന് നൽകാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം വാദിക്കുന്നത്. എന്നാൽ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എകെ ശശീന്ദ്രൻ പക്ഷം. തുടർന്ന് നിരന്തര സമ്മർദ്ദത്തിനൊടുവിൽ തോമസ് കെ തോമസ് പിസി ചാക്കോയുടെ പിന്തുണയും നേടിയെടുത്തു. ഡൽഹിയിലെ അന്തിമ തീരുമാനത്തിന് ശേഷം ശരദ് പവാർ മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും. അതേ സമയം മന്ത്രി സ്ഥാനത്തിൽ നിന്നും തന്നെ നീക്കാനുള്ള നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് എകെ ശശീന്ദ്രൻ ഉയർത്തുന്നത്. എംഎൽഎ സ്ഥാനമടക്കം രാജി വെച്ച് മുന്നണിയിൽ പ്രതിരോധം തീർക്കാനാണ് എകെ ശശീന്ദ്രന്റെ നീക്കം. അതെ സമയം കേരളത്തിലെ മുതിർന്ന എൻസിപി നേതാവായ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫോണും ചോർത്തി?; എഡിജിപിക്കെതിരെ പിവി അൻവറിന്റെ ഗുരുതര ആരോപണം