തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയര്മാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം സിപിഐഎമ്മിലും ചര്ച്ചയായി.
ചലചിത്ര അക്കാദമി നിലവില് വന്നിട്ട് കാല്നൂറ്റാണ്ട് ആയിട്ടും സംവിധായകര് മാത്രമാണ് അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത്. വൈസ് ചെയര്മാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്ട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റര് ബീന പോളിനെ അധ്യക്ഷയാക്കണമെന്ന ആവശ്യവുമായി വനിതകളുടെ കൂട്ടായ്മയായ ഡബ്യുസിസി സര്ക്കാരിനെ സമീപിച്ചിരുന്നു.
ചലചിത്ര മേളയുടെ ആര്ട്ടിസ്റ്റിക് ഡയറക്ടറായി പ്രവര്ത്തിച്ചിട്ടുള്ള ദീപിക സുദര്ശന് വേണ്ടിയും ഒരു വിഭാഗം ആളുകള് വാദിക്കുന്നുണ്ട്. നിയമനത്തില് സിപിഐഎം സംസ്ഥാന സെക്രട്ടറേിയറ്റിന്റേയും മുഖ്യമന്ത്രിയുടേയും നിലപാട് നിര്ണ്ണായകമാകും.