'ആരെയും ഭയന്നിട്ടില്ല'; പി വി അൻവറിന്റെ ആരോപണത്തിൽ പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ

സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിക്കട്ടെയെന്ന് കെ സി വേണുഗോപാൽ

dot image

ഡൽഹി: തനിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ എംപി. സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിക്കട്ടെ. തന്റെ പേരിലുള്ള കേസ് അഞ്ചുകൊല്ലം കേരള പൊലീസ് അന്വേഷിച്ചു. നാലുകൊല്ലം സിബിഐ അന്വേഷിച്ചു. കോടതി മുൻപാകെ വന്നു. അപ്പോഴൊന്നും താൻ ആരെയും ഭയന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സോളാർ കേസിൽ കെ സി വേണുഗോപാലിനെതിരെ മൊഴി കൊടുക്കാതിരിക്കാൻ എഡിജിപി എം ആർ അജിത്ത് കുമാർ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പി വി അൻവർ ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ശരിവെച്ച് സോളാർ കേസിലെ പരാതിക്കാരിയും രംഗത്തെത്തിയിരുന്നു.

ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് അത്ഭുതകരമായ കാര്യമാണ്. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ വച്ചാണ്. അന്നത്തെ കൂടിക്കാഴ്ച പൊലീസിന്റെ ഏറ്റവും വലിയ പരാജയമാണ്. അതിത്രകാലം മൂടിവെച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നെയും ആറുമാസം കഴിഞ്ഞാണ് പുറത്താക്കുന്നതെന്നും പുറത്താക്കൽ വിരോധാഭാസമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

എന്നാൽ കോൺഗ്രസ് വനിതാ നേതാവ് സിമി റോസ് ബെൽ ജോണിന്റെ ആരോപണത്തിൽ കെസി വേണുഗോപാൽ പ്രതികരിച്ചില്ല. അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിമി റോസ് ബെൽ ജോൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നുമായിരുന്നു സിമി റോസിന്റെ പരാമർശം.

dot image
To advertise here,contact us
dot image