മകൾക്ക് വേണ്ടി തൃശൂർ കൊടുത്തു, അജിത് കുമാറും ശശിയും മുഖ്യമന്ത്രിയുടെ മാഫിയ തലവന്മാർ: കെഎം ഷാജി

പിവി അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി കെഎം ഷാജി

dot image

കൽപ്പറ്റ: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചൂണ്ടിയത് വിരൽ അല്ല, തോക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രിയായത് മുതൽ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതെയാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവന്മാരാണ് എഡിജിപി എം ആർ അജിത്കുമാറും പി ശശിയും സുജിത് ദാസുമെല്ലാമെന്നും ഷാജി ആരോപിച്ചു.

പീഡനക്കേസിൽ പാർട്ടി മാറ്റി നിർത്തിയ ശശിയെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. 29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുവെന്നാണ് അൻവർ പറഞ്ഞത്. ഈ 29 വകുപ്പിലും കയ്യിടുന്നത് ശശിയാണ്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തൃശൂർ പൂരം കലക്കിയതെന്നും അൻവർ പറയുന്നു. അത് സുരേഷ് ഗോപിക്ക് വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയുടെ മുമ്പിൽ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. എക്സലോജിക് കരാർ വിവാദത്തിൽ കുരുങ്ങി കിടക്കുന്ന മകളെ വേണോ അതോ തൃശൂർ വേണോ, ഒടുവിൽ മകൾക്ക് പകരം തൃശൂർ കൊടുത്തു. ശേഷം അത് വരെയുണ്ടായിരുന്ന എസ്എഫ്ഐഓ അന്വേഷണവും അതോടെ അവസാനിച്ചുവെന്നും കെ എം ഷാജി ആരോപിച്ചു.

അൻവർ പറയുന്ന എല്ലാ കാര്യങ്ങളും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും കെ എം ഷാജി വിമർശിച്ചു. അജിത് കുമാറോ, പി ശശിയോ അല്ല, ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അൻവർ സൂക്ഷിക്കണം, കാരണം കളിക്കുന്നത് ശശിയോടും പിണറായി വിജയനോടുമാണ്. അത്തരത്തിലുള്ള ദുരനുഭവങ്ങളുള്ളത് കൊണ്ടാണ് താനിത് പറയുന്നതെന്നും കെഎം ഷാജി പറഞ്ഞു. അൻവർ ഈ നീക്കത്തിൽ ഒറ്റയ്ക്കാണെന്ന് കരുതുന്നില്ലെന്നും പാർട്ടിയിൽ തന്നെ പിണറായിക്ക് നേരെ നടക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമാണ് ഇതെന്നും കെ എം ഷാജി പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി; എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് എൻസിപി മന്ത്രിയാകും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us