കൊച്ചി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കിൽ കുറിച്ച ജലീൽ അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കൂട്ടിച്ചേർത്തു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗസ്ഥനായ ഗാന്ധിജി"യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകും. അവസാന ശ്വാസം വരെ സിപിഐഎം സഹയാത്രികനായി തുടരും. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ മലപ്പുറം മുൻ എസ്പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ ടി ജലീല് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീൽ പറഞ്ഞിരുന്നു.