റിസോർട്ട് വിവാദത്തിൽ എന്ത് നടപടി എടുത്തു?; ഇ പിയെ വിടാതെ പി ജയരാജൻ

2022 നവംബറിലെ സംസ്ഥാന സമിതിയിൽ പി ജയരാജൻ റിസോർട്ടിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു

dot image

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ചോദിച്ചു. വൈദേകം റിസോർട്ടിനെപ്പറ്റി നൽകിയ പരാതി എന്തായെന്ന പി ജയരാജന്റെ ചോദ്യത്തിന് പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വം നൽകിയ മറുപടി. ഇ പി ജയരാജൻ്റെ കുടുംബത്തിന് നിക്ഷേപമുള്ള സ്ഥാപനമാണ് വൈദേകം റിസോർട്ട്. 2022 നവംബറിലെ സംസ്ഥാന സമിതിയിൽ പി ജയരാജൻ റിസോർട്ടിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. എഴുതി തന്നാൽ പരിശോധിക്കാം എന്നായിരുന്നു അന്ന് നേതൃത്വം നൽകിയ മറുപടി.

എന്നാൽ സിപിഐഎം കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇപി ജയരാജൻ മൗനം തുടരുകയാണ്. ജയരാജൻ്റെ അടുത്ത നീക്കം എന്താണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സിപിഐഎമ്മിൽ പിണറായിയുടെ വിശ്വസ്തനായ ഇപിക്കെതിരെയുള്ള നടപടി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള തെറ്റ് തിരുത്തലായി വ്യാഖ്യാനിക്കാം. പാർട്ടിയിൽ ഒറ്റപ്പെട്ട ഇ പി, സമ്മേളന കാലത്ത് സജീവമാകാതെ സ്വയം വിരമിക്കലിനും സാധ്യതയുണ്ട്. ഇപിയെ വലയിലാക്കാനുള്ള തന്ത്രങ്ങൾ ബിജെപി പാളയത്തിലും രഹസ്യമായി ഒരുങ്ങുകയാണ്. പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്ന ഇ പി ഒരുപക്ഷെ കടുത്ത നിലപാടിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാൽ ഇപി പാർട്ടിയെ പ്രതിരോധത്തിലാക്കി ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളാൻ കഴിയില്ല.

dot image
To advertise here,contact us
dot image