കോട്ടയം: സംസ്ഥാനത്തെ ന്യൂനപക്ഷ മേഖലയിലെ അംഗത്വ വിതരണത്തിന്റെ ഏകോപന ചുമതല ഷോണ് ജോര്ജിന് ബിജെപി. സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി സുധീര്, അഡ്വ കെ പി പ്രകാശ് ബാബു, അഡ്വ ടിപി സിന്ധുമോള്, കെ സോമന് എന്നിവര്ക്കാണ് സംസ്ഥാനത്തെ അംഗത്വ വിതരണത്തിന്റെ ചുമതല.
ദേശീയ തലത്തിലെ ബിജെപി അംഗത്വ കാമ്പയിന് ഡല്ഹിയില് ഇന്ന് ആരംഭിച്ചു. വൈകീട്ട് നടന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ മെമ്പര്ഷിപ്പ് സ്വീകരിച്ചാണ് കാമ്പയിന് ആരംഭിച്ചത്. ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദയില് നിന്നാണ് പ്രധാനമന്ത്രി മെമ്പര്ഷിപ്പ് സ്വീകരിച്ചത്.
ജനാധിപത്യ മൂല്യങ്ങള് പിന്തുടരുന്ന ഒരേയൊരു പാര്ട്ടി ബിജെപിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി വളര്ത്തുന്നത് പുതിയ രാഷ്ട്രീയ സംസ്കാരമാണ്. രാജ്യം ഒന്നാമത് എന്ന തത്വമാണ് ബിജെപി പിന്തുടരുന്നത്. മെമ്പര്ഷിപ്പ് ക്യാമ്പയിന് എന്നത് പ്രത്യയശാസ്ത്രപരമായ സഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്ലൈനായാണ് അംഗത്വ വിതരണം നടക്കുന്നത്. മിസ്ഡ് കോള് വഴിയും അംഗത്വം സ്വീകരിക്കാം. രണ്ട് ഘട്ടമായാണ് പ്രാഥമിക അംഗത്വ വിതരണം നടക്കുന്നത്. സെപ്തംബര് ഒന്ന് മുതല് 25 വരെ ആദ്യ ഘട്ടത്തിലും ഒക്ടോബര് ഒന്ന് മുതല് 15വരെ രണ്ടാം ഘട്ടത്തിലും അംഗത്വം സ്വീകരിക്കാം. ഒക്ടോബര് 16 മുതല് 31 വരെ സജീവ അംഗത്വ വിതരണം നടക്കും. ദേശീയ ജനറല് സെക്രട്ടറി വിനോദ് താവഡെക്കാണ് അംഗത്വ വിതരണത്തിന്റെ ദേശീയ ചുമതല.